അംഗങ്ങളെ കേൾക്കാത്തവർ ജനങ്ങളെ കേൾക്കുമോ, പിണറായിക്കും എം.വി. ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വഴിതിരിച്ചുവിടാൻ നീക്കമെന്ന് ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം നടത്തുന്ന തിരുത്തൽ പ്രക്രിയകൾ വെറും കബളിപ്പിക്കലാണെന്ന രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എയും വി. കുഞ്ഞികൃഷ്ണൻ എം.എ.എയും രംഗത്ത്.
പാർട്ടി അംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നേതൃത്വം, പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുമെന്ന് പറയുന്നത് ജനങ്ങളെ വഞ്ചിക്കാനാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഉയരുന്ന വിമർശനങ്ങൾ വഴിതിരിച്ചുവിടാനാണ് ഇപ്പോഴത്തെ നീക്കമെന്നും ടി.കെ. ഗോവിന്ദൻ തുറന്നടിച്ചു.
പാർട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളിൽനിന്നുള്ള യഥാർത്ഥ വികാരങ്ങൾ മാനിച്ചുകൊണ്ടല്ല എം.വി. ഗോവിന്ദൻ തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്നത്. പാർട്ടി സ്വീകരിച്ച മതേതര നിലപാടുകളിലെ വെള്ളംചേർക്കലുകൾ ഉൾപ്പെടെയുള്ള ഗുരുതര വീഴ്ചകൾ താഴേക്കിടയിലുള്ള പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു.
തളിപ്പറമ്പിലും പയ്യന്നൂരിലും മുൻപുണ്ടായ അനുഭവങ്ങൾ തങ്ങൾ നേരത്തെയും വ്യക്തമാക്കിയതാണ്. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് മുൻപ് പലഘട്ടങ്ങളിൽ പറഞ്ഞപ്പോഴും ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന വിശദീകരണമാണ് നൽകിയത്.
ഇത് വെറും കബളിപ്പിക്കലും വഞ്ചനയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അതിവിചിത്രമായ കാര്യങ്ങളാണ് അരങ്ങേറിയത്.
വെള്ളാപ്പള്ളി നടേശൻ നടത്തിയ കടുത്ത ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളെ ചെറുക്കാൻ സി.പി.എം നേതാക്കൾക്ക് ധൈര്യമുണ്ടായില്ല. യാദൃച്ഛികമായി നടന്നുപോകുമ്പോൾ കാറിൽ കയറ്റിയതാണെന്നൊക്കെയുള്ള ന്യായീകരണങ്ങൾ പൊതുജനം വിശ്വസിക്കില്ല. ഇത്തരം നടപടികളാണ് പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പ്രചാരണത്തിനിടെ വായിച്ചത് തെറ്റാണെന്ന് തങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ സന്ദേശം എങ്ങനെയവിടെ എത്തി? അദ്ദേഹം സ്വമേധയാ അയച്ചതല്ല, മറിച്ച് ഔദ്യോഗികമായി ആവശ്യപ്പെട്ടതുകൊണ്ട് ലഭിച്ചതാണെന്നാണ് വിവരം. ഇതൊരു രാഷ്ട്രീയ ‘ഡീലിന്റെ’ ഭാഗമല്ലെന്ന് പൊതുജനം എങ്ങനെ വിശ്വസിക്കുമെന്നും നേതാക്കൾ ചോദിച്ചു.
ഗുരുതരമായ തെറ്റുകൾ വരുത്തിയ സംസ്ഥാന നേതൃത്വം തങ്ങൾ കേമന്മാരാണെന്ന് നടിക്കുകയും, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താഴെത്തട്ടിലുള്ളവരുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന രീതിയിലൂടെ എങ്ങനെയാണ് യഥാർത്ഥ തിരുത്തൽ സാധ്യമാകുക? പാർട്ടിക്ക് തിരുത്താൻ ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ അതിന് ഇപ്പോഴാണ് തയ്യാറാകേണ്ടതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഉൾപ്പാർട്ടി ജനാധിപത്യത്തിന് പാർട്ടി നേതൃത്വം വിലകൽപ്പിക്കാത്തതാണ് സി.പി.എമ്മിന് ഈ കനത്ത തിരിച്ചടി സമ്മാനിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയും പ്രതികരിച്ചു. കീഴ്ഘടകങ്ങൾക്ക് സ്വന്തമായി സ്ഥാനാർത്ഥി നിർണയം നടത്താനുള്ള സ്വാതന്ത്ര്യം പോലുമില്ല. പാർട്ടിയിലെ ജനാധിപത്യം പൂർണ്ണമായി തകർത്തവർ, ഇപ്പോൾ ജനങ്ങളുടെ അഭിപ്രായം തേടി ഇറങ്ങുന്നത് തികച്ചും പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

