ഗൃഹ സന്ദർശനത്തിരക്കിൽ സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നുള്ള പാഠമുൾക്കൊണ്ടും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടും സി.പി.എം നേതാക്കൾ ഗൃഹ സന്ദർശനത്തിരക്കിൽ. സി.പി.എം നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന ഗൃഹസന്ദർശന പരിപാടി ഈ മാസം 22വരെയാണ് നിശ്ചയിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയടക്കം ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായി. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി പ്രദേശത്തെ വീടുകളാണ് ബേബി സന്ദർശിച്ചത്.
ഗൃഹസന്ദർശനത്തിന് പുറമെ വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽ തലങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സർക്കാറിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഗൃഹസന്ദർശനത്തിലെ മുഖ്യ വിശദീകരണം.
മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ലഭിക്കേണ്ടതിന്‍റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമമുണ്ട്. ഇതോടൊപ്പം സർക്കാറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നിർദേശങ്ങളും കേൾക്കും.
ശബരിമല വിഷയം ഉൾപ്പെടെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ വസ്തുത ബോധ്യപ്പെടുത്തമെന്ന നിർദേശവും നേതൃത്വം നൽകിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂവെന്ന വസ്‌തുതയും ബോധ്യപ്പെടുത്തും.
വികസന പദ്ധതികളും ക്ഷേമ പെൻഷനടക്കം അനൂകൂല്യങ്ങളും മാത്രംകൊണ്ട് വിജയിക്കാനാവില്ലെന്ന് സി.പി.എമ്മിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പാർട്ടിയിൽനിന്ന് ജനം അകലുന്ന സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായം, തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത വിവിധ തലങ്ങളിലെ യോഗങ്ങളിൽ ഉയരുകയും ചെയ്തിരുന്നു. ജനഹിതം അറിയാനും തിരുത്താനും ഗൃഹസന്ദർശനം ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

