'എം.എൽ.എയായി ഇരിക്കാൻ പോലും അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്'; മന്ത്രി വീണ ജോർജിനെതിരെ സി.പി.എം നേതാക്കൾ
text_fieldsപത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ രൂക്ഷ വിമർശനം ഉയരുന്നു.
മന്ത്രി പോയിട്ട് എം.എൽ.എ ആയിരിക്കാൻ പോലും യോഗ്യതയില്ലാത്തയാളാണ് വീണ ജോർജെന്നും കൂടുതൽ പറയിപ്പിക്കരുതെന്നുമാണ് സി.പി.എം നേതാവും പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ജോൺസൺ പി.ജെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. മന്ത്രിക്കെതിരെയുള്ള വിമർശനം വിവാദമായിട്ടും എസ്.എഫ്.ഐ മുൻ ജില്ല പ്രസിഡന്റായ ജോൺസൺ പി.ജെ പോസ്റ്റ് പിൻവലിക്കാൻ തയാറായിട്ടില്ല.
പത്തനംതിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാൻ എൻ.രാജീവും മന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. 'പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവു പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യത്തിൽനിന്ന് എന്ന വ്യത്യാസം മാത്രം' – എന്നായിരുന്നു രാജീവിന്റെ പരിഹാസം. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം പരിഹസിച്ചത്.
അതേസമയം, മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട നേതാക്കൾക്കെതിരെ ജില്ല കമ്മിറ്റി ഉടൻ നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിക്കാനിടയായതോടെ രൂക്ഷ വിമർശനമാണ് മന്ത്രിക്കും സർക്കാറിനുമെതിരെ പ്രതിപക്ഷം ഉയർത്തുന്നത്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) കെട്ടിടം തകർന്ന് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-നായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.