സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; സിപിഎം നേതാവ് പി. ശശിയുടെ സഹോദരനാണ് മരിച്ചത്
text_fieldsകണ്ണൂർ: കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരൻ മുണ്ടയോട് വയൽപുരയിൽ പി. സരസൻ (54) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 7.10ഓടെയായിരുന്നു അപകടം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ എന്ന സ്വകാര്യ ബസ് മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിന്റെ ഡ്രൈവർ സീറ്റിന് മുന്നിലുള്ള ഭാഗമാണ് സ്കൂട്ടറിൽ ഇടിച്ചത്.
കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനായ സരസൻ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഭാര്യ: അനിഷ, മകൾ: നന്ദന, സഹോദരങ്ങള്‍: പി.ശശി (CPIM സംസ്ഥാന കമ്മറ്റി അംഗം), സതീശൻ, ഉഷ, വിനോദൻ (റിട്ട.സബ്ബ് ഇൻസ്പെക്ടർ), ഷീല, ശ്രീജ. ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ (കുഴിക്കിലായി)

