പ്രതിപക്ഷത്തിന്റേത് വ്യക്തിപരമായ കടന്നാക്രമണം -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ജനാധിപത്യപരമായി കാര്യങ്ങൾ ചെയ്യാനാകാത്തതിനാലാണ് പ്രതിപക്ഷം വ്യക്തിപരമായ കടന്നാക്രമണം നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് ഫ്യൂഡൽ പദപ്രയോഗമാണ്. കേട്ടുകേൾവിയില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. യു.ഡി.എഫിലെ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ കാര്യങ്ങളിലേക്ക് അവർ തിരിയുന്നത്. അതിനുവേണ്ടിയാണ് നിയമസഭയിൽപോലും മുൻകാലങ്ങളിലില്ലാത്ത നിലയിൽ സംഭവങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പിണറായി സർക്കാറിനെതിരായ നീക്കങ്ങൾ പ്രതിരോധിക്കാൻ പാർട്ടി നേതാക്കളും അണികളും മാത്രമല്ല, കേരളത്തിലെ ജനങ്ങളൊന്നാകെയുണ്ടെന്നാണ് ജനകീയ പ്രതിരോധ ജാഥക്ക് ലഭിച്ച വൻവരവേൽപ് തെളിയിക്കുന്നതെന്നും ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട 40,000 കോടി തന്നില്ല. കടമെടുക്കാനും സമ്മതിക്കുന്നില്ല. 2024ൽ ബി.ജെ.പി വീണ്ടും വന്നാൽ ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാകും. ആർ.എസ്.എസിന്റെ 100ാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനാണ് നീക്കം. പൗരത്വബില്ലും ഏകസിവിൽകോഡും കൊണ്ടുവരുന്നത് അതിന്റെ ഭാഗമാണ്. സമ്പന്നരെ കൂടുതൽ ദരിദ്രരും ദരിദ്രരെ കൂടുതൽ ദരിദ്രരുമാക്കുന്ന സാമ്പത്തിക നയമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ തുച്ഛവിലയ്ക്ക് വിറ്റുതുലച്ചാണ് അദാനിയെയൂം അംബാനിയെയും വളർത്തിക്കൊണ്ടുവരുന്നത്.
സാധാരണക്കാരന്റെ ജീവിതം കൂടുതൽ ഗുണമേന്മയുള്ളതാക്കി മാറ്റുന്ന കേരള മോഡലാണ് സർക്കാർ നടപ്പാക്കുന്നത്. അതിദാരിദ്ര്യം ഇല്ലാതാക്കി എല്ലാവർക്കും ഭൂമിയും വീടുമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്- ഗോവിന്ദൻ പറഞ്ഞു.