ശിവശങ്കറുടെ അറസ്റ്റിൽ സി.പി.എം എന്തിന് ആശങ്കപ്പെടണം -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ അറസ്റ്റിൽ സി.പി.എം എന്തിന് ആശങ്കപ്പെടണമെന്ന് കേന്ദ്ര കമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടിയുണ്ടായത്. ഇതിന്‍റെ വിധി ഇപ്പോൾ പറയാനാകില്ല. ജുഡീഷറിയുടെ പരിശോധനക്ക് ശേഷം നോക്കാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണത്തിന്‍റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. ഏത് അന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തമില്ല. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേന്ദ്ര കേഡറാണ്. അങ്ങനെയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തരവാദിത്തം ഉണ്ടാകുമല്ലോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.