‘മമ്മൂട്ടി മഹാനായ മലയാളി, എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല’ -വിശദീകരണവുമായി സി.പി.എം നേതാവ് റഫീഖ്
text_fieldsകൽപറ്റ: മമ്മൂട്ടി മഹാനായ മലയാളിയാണെന്നും അദ്ദേഹം മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്ന് റഫീഖ് അഭ്യർഥിച്ചു.
‘മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ, അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.
ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കാനുള്ളത്.
മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാകാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത്.
ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം’ -റഫീഖ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പാർട്ടി നേതാവിനെ പരസ്യമായി അപമാനിച്ചുവെന്നാരോപിച്ച് മമ്മൂട്ടിക്കെതിരെ സി.പി.എം സോഷ്യൽമീഡിയ ഹാൻഡിലുകൾ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനിടെ റഫീഖിനെ ഫോണിൽ വിളിച്ച മമ്മൂട്ടി, അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും സ്വകാര്യമായി പറഞ്ഞ കാര്യം ഇത്ര വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.
ഇന്നലെ ടൗൺഷിപ്പ് സന്ദർശനത്തിനിടെയാണ്, ഒപ്പമുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് 'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്ന് മമ്മൂട്ടി ചോദിച്ചത്. ഇത് ജനങ്ങൾ നൽകിയ പണംകൊണ്ട് സർക്കാർ നിർമിച്ച ജനങ്ങളുടെ ടൗൺഷിപ്പാണ് എന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ പ്രാദേശിക ഘടകങ്ങളുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് നടനെതിരെ ഉയരുന്നത്. ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറയാൻ മമ്മൂട്ടി ആരാണ് എന്ന ചോദ്യമാണ് സൈബർ ഗ്രൂപ്പുകൾ ചോദിക്കുന്നത്. മമ്മൂട്ടിയെന്ന മഹാനടനിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
'അപൂർവമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങൾ എല്ലാരും ചേർന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുള്ളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്' എന്നായിരുന്നു ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

