സി.പി.എം നേതാവിനെ വെട്ടിയ കേസ്; ഏഴ് പ്രതികള്‍ക്ക് തടവും പിഴയും
text_fieldsആലപ്പുഴ: സി.പി.എം കളർകോട് ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ഏരിയ കമ്മറ്റി അംഗവുമായിരുന്ന ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് പതിനൊന്നര വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറഞ്ഞു.
അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ ചിറമുറിക്കൽ വീട്ടിൽ ഷാമോൻ(ഷാജി), ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ അഖിൽ(ഉണ്ണി), മറുതാച്ചിക്കൽ വീട്ടിൽ ഉണ്ണി, കൊമ്പത്താംപറമ്പിൽ വീട്ടിൽ അജയൻ, കിഴക്കേ കണ്ടത്തിൽ ശരത് ബാബു(ശ്യാംകുട്ടൻ), കുതിരപ്പന്തി വാർഡിൽ ഉമ്മാപറമ്പിൽ അരുൺ(ചെറുക്കപ്പൻ), ചിറമുറിക്കൽ വീട്ടിൽ മഹേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
2013 ഫെബ്രുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം.
അടുത്ത ബന്ധുവിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിൽ ഭാര്യക്കും കുട്ടിക്കുമൊപ്പം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ എത്തിയതായിരുന്നു ഗിരീഷ്. ചടങ്ങ് നടന്ന വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗിരീഷിന്റെ ഇടതു കൈയും കാലും വെട്ടേറ്റ് അറ്റുപോയിരുന്നു. തലയ്ക്കും മാരക വെട്ടേറ്റിരുന്നു. മരിച്ചെന്ന് കരുതി അക്രമികൾ ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

