സി.പി.എം വനിത നേതാവ് വഴിയരികിൽ മരിച്ചനിലയിൽ
text_fieldsകൂത്താട്ടുകുളം: സി.പി.എം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജുവിനെ (56) വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ, കർഷകസംഘം സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗമാണ്.
ബുധനാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ടോർച്ചിന്‍റെ വെളിച്ചംകണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്നു. ഏതാനും ദിവസംമുമ്പ് ഇവർ പാർട്ടി നേതാക്കൾക്കയച്ച ശബ്ദസന്ദേശം വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്. പാർട്ടിയുടെ ഇത്രയധികം ചുമതലകൾ വഹിച്ചിട്ടും തന്‍റെ വീട്ടിലേക്കുള്ള വഴിക്ക് താൻ ജീവനോളം സ്നേഹിച്ച പാർട്ടിയും നേതാക്കളും തടസ്സംനിന്നെന്നായിരുന്നു സന്ദേശം. ഏതാനും വർഷംമുമ്പ് തന്‍റെ മകൻ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോൾ വഴിയില്ലാത്തതിനാൽ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ മരണം സംഭവിച്ചെന്നും തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.
മകൻ: പരേതനായ നിഷു. മരുമകൾ: അഞ്ജലി (നഴ്സ്, സൗദി). സംസ്കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. രാവിലെ ഒമ്പതുമുതൽ തിരുമാറാടി ടാഗോർ ഹാളിൽ പൊതുദർശനത്തിന് വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

