സി.പി.എം വിട്ട ബി.എൻ. ഹസ്കർ യു.ഡി.എഫ് സ്ഥാനാർഥിയാകും? ‘കേരളത്തിൽ ഇടതുബദലായി നിൽക്കുന്നത് വി.ഡി. സതീശനും ഷിബു ബേബി ജോണും അടക്കമുള്ളവർ’
text_fieldsകൊല്ലം: സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന, ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കർ കൊല്ലം ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെ തുടർന്നാണ് ഹസ്കറും സി.പി.എമ്മും തമ്മിൽ അകൽച്ച തുടങ്ങിയത്.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിനെയാണ് ഹസ്കർ വിമർശിച്ചത്. പിണറായി വിജയൻ ചെയ്ത തെറ്റിനെ പാർട്ടി തിരുത്താതിരുന്നത് കാപട്യമാണന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് സി.പി.എം കൊല്ലം ജില്ല കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഹസ്കറിനെ ശാസിച്ചത്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്ന പേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്തിരുന്നു. തുടർന്ന് ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം ഒഴിഞ്ഞെന്ന് ഹസ്കർ പറഞ്ഞിരുന്നു.
രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാവില്ലെന്നും ഹസ്കർ പ്രതികരിച്ചു. ഇന്നലെ ചവറയിൽ നടന്ന ബേബിജോൺ അനുസ്മരണ സമ്മേളനത്തിലാണ് ആർ.എസ്.പിയിൽ ചേർന്നത്. ‘സിപിഎം നേതൃനിര വലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഘട്ടത്തിലാണ് നിൽക്കുന്നത്. രക്തസാക്ഷി ഫണ്ടുകൾ പോലും വെട്ടിച്ചതായി പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആൾ വിളിച്ചു പറയുന്നു. ആ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിന് പുറത്താക്കുകയും ആ ചോദ്യത്തിന് പുതിയ പാഠഭേദം മെനയുകയുമാണ് പാർട്ടി ചെയ്യുന്നത്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന നേതാക്കന്മാരെ സംരക്ഷിക്കുന്ന പാർട്ടിയിൽ ഒരു നിമിഷം പോലും തുടരുക അസാധ്യമായ ഘട്ടത്തിലാണ് മറ്റൊരു മാർക്സിസ്റ്റ് ലെനിസ്റ്റ് പാർട്ടിയിലേക്ക് ചേക്കാറാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇന്ന് ഇടതുപക്ഷ ഇടപെടലുകൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ആണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കേരളത്തിൽ ഇടതുപക്ഷ ബദലായി നിൽക്കുകയും ഇടതുപക്ഷത്തിന്റെ വർത്തമാനം പറയുകയും ചെയ്യുന്നത് വി.ഡി. സതീശനും ഷിബു ബേബി ജോണും ഒക്കെയാണ് എന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഎം വിടാൻ തീരുമാനിച്ചത്.
സോഷ്യലിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി എന്ന നിലയിൽ എനിക്ക് ഏറ്റവും നിൽക്കാൻ കഴിയുന്ന ഇടം എന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആർഎസ്പിയിലേക്ക് പോകുന്നത്. പാർട്ടിയിൽ നിന്നും ഒപ്പം നിൽക്കുന്ന ആളുകളിൽ നിന്നും എനിക്ക് അകലേണ്ടി വരുന്നത് ഈ പാർട്ടിയുടെ നയവ്യതിയാനത്തെ തുടർന്നാണ്. ഞാൻ ഇത് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല; പാർട്ടി ഘടകങ്ങളിലെ ചർച്ചകളിൽ പലപ്പോഴായി ഇത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ഒറ്റയ്ക്ക് പൊരുതുക എന്നത് സാധ്യമല്ല. അതുകൊണ്ടാണ് മറ്റൊരു ഇടതുപക്ഷ ബദലായ ആർഎസ്പിയിൽ പോകുന്നത്. രാഷ്ട്രീയ നിരീക്ഷകനായാണ് ഇപ്പോൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. തുടർന്നും രാഷ്ട്രീയ നിരീക്ഷകനായി തന്നെ ചർച്ചയിൽ പങ്കെടുക്കും’ -ഹസ്കർ പറഞ്ഞു.
ഇരവിപുരം സീറ്റിൽ സമുദായിക ഘടകങ്ങൾ ഉൾപ്പടെ ഹസ്കറിന് അനുകൂലമെന്ന് ആർഎസ്പി നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്നതും പരിചയപെടുത്തൽ വേണ്ട എന്നതും ഹസ്കറിന്റെ സാധ്യത വർധിപ്പിക്കുന്നു.കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. ഇരവിപുരത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

