ലോകത്തെ അഞ്ചിലൊന്ന് ജനങ്ങളിപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ -പിണറായി
text_fieldsവടകര: സോഷ്യലിസത്തിന് തിരിച്ചടിയേറ്റിട്ടുണ്ടെങ്കിലും ലോകത്തെ അഞ്ചിലൊന്ന് ജനങ്ങൾ ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലാണ് നിലകൊള്ളുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
വടകരയിൽ തുടങ്ങിയ സി.പി.എം ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റുകളാണ് അധികാരത്തിലുള്ളത്. മാർക്സിസം തകർന്നിട്ടില്ല. അത് അജയ്യമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഈ സംഭവ വികാസങ്ങളെന്നും പിണറായി പറഞ്ഞു.
സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് തിരിച്ചടിയുണ്ടായ വേളയിലാണ് 1992ൽ സി.പി.എമ്മിന്റെ 14ാം പാർട്ടി കോൺഗ്രസ് ചെന്നൈയിൽ നടന്നത്. കമ്യൂണിസം പരാജയപ്പെട്ടു എന്നാണ് അന്ന് സാമ്രാജ്യത്വ ശക്തികൾ ഉൾപ്പെടെ പ്രചരിപ്പിച്ചത്. മാർക്സിസത്തിന്റെ പരാജയമല്ല. അതിന്റെ പ്രയോഗത്തിലെ പോരായ്മയാണ് പ്രശ്നം എന്നാണ് അന്ന് പാർട്ടി പറഞ്ഞത്. ആ കാര്യങ്ങൾ ശരിയാണെന്ന് പിന്നീട് തെളിഞ്ഞു.
രാജ്യത്തിന്റെ പുരോഗമന കാഴ്ചപ്പാടിന്റെ അടിസ്ഥാനം കമ്യൂണിസ്റ്റുകാരുയർത്തിയ മുദ്രാവാക്യങ്ങളാണ്. പാർട്ടിക്കുള്ളിലെ വലതുപക്ഷ പ്രവണതകൾക്കെതിരെയും ഇടതു തീവ്രതക്കെതിരെയും പോരാട്ടം നടത്തിയാണ് പാർട്ടി മുന്നോട്ടുപോയത്. ഇടതുപക്ഷത്തിനാണ് ശക്തമായ രാഷ്ട്രീയ നിലപാടുള്ളത് എന്നതിനാൽ ഇടതുപക്ഷം ശക്തിപ്പെടണം. അതിന് പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്ക് ‘പണിമുടക്കി’
വടകര: സി.പി.എം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ മൈക്ക് ‘പണിമുടക്കി’. മൈക്കിലേക്കും വേദിയിലെ ലൈറ്റുകളിലേക്കുമുള്ള വൈദ്യുതി ബന്ധം തകരാറിലാവുകയായിരുന്നു. ഇതോടെ വേദിയിലെ ഉൾപ്പെടെ നേതാക്കൾ ആശങ്കയിലായി. ഏറെ കാത്തുനിന്നിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്തതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തി കസേരയിൽ പോയിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ പിന്നീട് വീണ്ടും പ്രസംഗം പുനരാരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

