സി.പി.എം കൊല്ലം ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിഭാഗീയത പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, നേതാക്കൾ പരാജയപ്പെട്ടു
text_fieldsകൊല്ലം: സംഘടന സംവിധാനത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ തിളച്ച് സി.പി.എം കൊല്ലം ജില്ല സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനംചെയ്ത പ്രതിനിധി സമ്മേളത്തോടെ തുടക്കമായ ജില്ല സമ്മേളനത്തിൽ, പ്രവർത്തന റിപ്പോർട്ട് മുതൽ ചർച്ചയിൽ വരെ ‘കരുനാഗപ്പള്ളി’ നിറഞ്ഞുനിന്നു. നേതൃത്വത്തിന്റെ വാക്കിന് ഒരുവിലയും കൽപിക്കാതെ കലഹിച്ച കരുനാഗപ്പള്ളിക്കാർക്കെതിരെ ജില്ല സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കടുത്ത പരാമർശങ്ങളാണ് ഉൾപ്പെടുത്തിയത്. എന്നാൽ, വിഭാഗീയത എന്ന വാക്കിനാൽ മുറിവേൽപിക്കാതെ വ്യക്തിഗത ചേരിപ്പോര് ആയിട്ടാണ് ജില്ല സെക്രട്ടറി വിഷയം അവതരിപ്പിച്ചത്. സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മയപ്പെടുത്താൻ നിന്നില്ല, കീഴ്ഘടകങ്ങളെ നിലക്കുനിർത്തുന്നതിലെ ജില്ലയിലെ നേതൃത്വ പരാജയത്തെക്കുറിച്ച് കടുത്ത പ്രയോഗങ്ങളിലൂടെ അദ്ദേഹം വിമർശനമുന്നയിച്ചു.
കരുനാഗപ്പള്ളിയിൽ വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിൽ ചേരിതിരിഞ്ഞ് പോരടിച്ചതാണ് മത്സരങ്ങളിലേക്ക് നീങ്ങിയതെന്ന് പ്രവർത്തന റിപ്പോർട്ടിൽ ജില്ല സെക്രട്ടറി പറഞ്ഞു. കേന്ദ്രീകൃത വിഭാഗീതയല്ല ഉണ്ടായത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളിലുൾപ്പെടെ ചേരിതിരിവ് പ്രകടമായിരുന്നു. അത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി നേതൃത്വത്തിന്റെ വാക്കിന് ഒരുവിലയും കൽപിക്കാതെയുള്ള പ്രവർത്തനമാണ് നടന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വംവരെ ഇടപെട്ടു. എന്നാൽ, നേതൃത്വത്തെ അവഗണിക്കുകയും നേതാക്കളെ ദുർബലപ്പെടുത്തുകയും ഉൾപ്പെടെ പ്രശ്നമുണ്ടാക്കിയവർ ലക്ഷ്യമിട്ടു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തിലൂടെ കുലശേഖപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തില്‍ നടന്നത്. അത് പാർട്ടിക്ക് വലിയ അവമതിപ്പായി.
പരിഹാരം ഇല്ലാതെ വന്നതോടെ ഒടുവിൽ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കടുത്തനടപടി വേണ്ടിവന്നു. പാർട്ടി കോൺഗ്രസിന് ശേഷം കരുനാഗപ്പള്ളി വിഷയത്തിൽ കടുത്തനടപടി ഉണ്ടാകുമെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി. കരുനാഗപ്പള്ളിയുടെ ‘മാതൃക’ സംസ്ഥാനത്ത് മറ്റിടങ്ങളിലും ഉണ്ടായതും പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഭാഗീയത നേരിടുന്നതിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും ജില്ല നേതൃത്വവും കനത്ത പരാജയമായെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. നേതാക്കളെ പൂട്ടിയിട്ടതുൾപ്പെടെ ഗുരുതര അച്ചടക്കലംഘനം നടന്നപ്പോഴും പരിഹരിക്കാൻ ജില്ലയിലെ നേതാക്കൾക്ക് കഴിഞ്ഞില്ല. പ്രശ്നത്തിൽ സമയോചിതമായി ഇടപെടൽ പോലും ഉണ്ടായില്ല. ഇത് ഗുരുതര വീഴ്ചയാണ്. സാഹചര്യം കൈവിട്ടുപോയിട്ടും പ്രശ്നത്തിന്റെ ഗൗരവം അതേപടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

