നമ്മൾ എന്തുകൊണ്ട് തോറ്റു; മറുപടി താത്വികം തന്നെ
text_fieldsകൊല്ലം: എന്തുകൊണ്ടുതോറ്റു എന്ന് ചർച്ചചെയ്യാതെ സ്ഥിതിവിവരകണക്കുകൾ മാത്രം ഉൾപെടുത്തി റിപ്പോർട്ട് അവതരിപ്പിച്ചതടക്കം രൂക്ഷ വിമർശനം ഉയർന്ന സി.പി.എമ്മിന്റെ വിപുലീകൃത ജില്ല കമ്മറ്റിക്ക് സമാപനം.
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം തിരുത്തലുകൾ വരുത്തുന്നുണ്ടങ്കിലും ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലാകുന്നില്ല എന്നായിരുന്നു വിമർശനം. എട്ട് മണിക്കൂറോളം നീണ്ട ചർച്ചകളിൽ വിമർശനങ്ങൾ ഉയർന്നതല്ലാതെ ഫലപ്രദമായ പരിഹാരങ്ങളിലേക്ക് നീങ്ങുന്ന യാതൊന്നും സംഭവിച്ചില്ല. യോഗത്തിന്റെ ആദ്യ ദിനം പിണറായി വിജയന് വേണ്ടി സംസാരിച്ച സംസ്ഥാന സെക്രട്ടറി അതിന്റെ പേരിൽ പ്രതിനിധികളുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നെങ്കിലും, യോഗം അവസാനിക്കുന്ന ദിനവും അതേ വാദവുമായി ഉറച്ച് നിലകൊണ്ടതും ശ്രദ്ധേയമായി. പിണറായി എന്നാൽ പാർട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുന്നത്തൂരിലെ തോൽവിക്ക് ജില്ല കമ്മറ്റി മാത്രമാണ് കാരണക്കാർ എന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
സജി ചെറിയാൻ മനുഷ്യന് മനസിലാകാത്ത ഭാഷയിൽ തുടരെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രരോധത്തിലാക്കി. സംസ്ഥാന സെക്രട്ടറി ഭാര്യയുടെ സ്ഥാനാർഥിത്വം വന്നപ്പോൾ ഒരു ‘നോ’ പറയാമായിരുന്നു എന്നിങ്ങനെ വിമർശനം ഇന്നലെയും പലകോണിൽ നിന്ന് ഉയർന്നു. ചാത്തന്നൂരും ചടയമംഗലവും തോറ്റതിന് കാരണം സി.പി.ഐയിലെ ആഭ്യന്തര പ്രശ്നമാണന്നും അഭിപ്രായം വന്നു. ജില്ല ഓഫിസ് കയറിവരുന്നവരോട് മോശമായി പെരുമാറുന്നുവെന്നും പലരും പറഞ്ഞു. ജില്ല സെക്രട്ടറിക്കെതിര രൂക്ഷ വിമർശനം രണ്ടാം ദിവസവും ഉയർന്നു. ജില്ല കമ്മറ്റിയിലേക്ക് നാലുപേരെ എടുക്കുകയും ക്ഷണിതാക്കളായി പത്തുപേരെ പുതുതായി ചേർക്കുകയും ചെയ്തിട്ടും ജില്ല സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി. നിലവിലെ 12 അംഗ ജില്ല സെക്രട്ടേറിയറ്റിൽ അഴിച്ചുപണി നടക്കുമെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ വക്താക്കളിൽ ഒരാളായ സൂസൻ കോടി സംസ്ഥാന കമ്മറ്റിയിൽ തിരികെ എത്തിയെങ്കിലും മറ്റൊരാളായ പി.ആർ. വസന്തൻ ജില്ല കമ്മറ്റിയിലേക്ക് മാത്രമാണ് തിരികെ എത്തിയത്. ജില്ല സെക്രട്ടേറിയറ്റ് മെമ്പറായിരുന്ന വസന്തൻ അവിടേക്ക് തിരികെ എത്തിയില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

