നേതാക്കളുടെ വഴിവിട്ട നടപടികളിൽ സി.പി.എം കായംകുളം ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
text_fieldsകായംകുളം: നേതാക്കളുടെ വഴിവിട്ട നടപടികൾക്കെതിരെ സി.പി.എമ്മിൽ രൂക്ഷ വിമർശനം. പാർട്ടിയിലെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള സംഘടന ചർച്ചയിലാണ് വിമർശനം ഉയർന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിലാണ് പാർട്ടിയിലെ അനഭിലഷണീയ നടപടികൾ ചർച്ചയായത്. നേതാക്കളുടെ അഴിമതി, ക്വട്ടേഷൻ -ഗുണ്ട ബന്ധം, നവമാധ്യമ ചർച്ച, ഡി.വൈ.എഫ്.ഐയിലെ ക്രിമിനലിസം എന്നിവ ചൂടേറിയ ചർച്ചക്ക് വഴിവെച്ചു.
ഏറെ നാളായി നിലനിൽക്കുന്ന വിഭാഗീയതയുടെ ചുവടുപിടിച്ചുള്ള ആരോപണ -പ്രത്യാരോപണങ്ങൾ കമ്മിറ്റിയിൽ നിറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടിയിലും പോഷക ഘടകങ്ങളിലും കുറ്റവാളികൾ പിടിമുറുക്കിയിരിക്കുകയാണെന്നാണ് വനിത അംഗം ആക്ഷേപം ഉയർത്തിയത്. ഇതിനാൽ ബാലസംഘത്തിലേക്ക് തന്റെ കൊച്ചുമക്കളെ വിടാൻ ഭയമാണെന്നായിരുന്നു ഇവർ തുറന്നടിച്ചു.
ഡി.വൈ.എഫ്.ഐയിലേക്ക് പുതിയ തലമുറ വരാതിരിക്കുന്നതിനും ഇതാണ് കാരണമെന്നും അഭിപ്രായമുണ്ടായി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങര കട ആക്രമണം, ആശുപത്രി ആക്രമണം എന്നീ വിഷയങ്ങളിലെ അന്വേഷണ കമീഷൻ റിപ്പോർട്ട് ചർച്ചക്ക് വെക്കാത്തതും വിമർശന വിധേയമായി. വിഷയങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാനിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയും രൂപപ്പെട്ടു.
സൈബർ അക്രമണങ്ങൾ നേരിടുന്നതിലെ വേദനകളും അംഗങ്ങൾ പങ്കുവെച്ചു. യു. പ്രതിഭ എം.എൽ.എയും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബുവുമാണ് സൈബർ അക്രമണ വിഷയം ഉയർത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ നേരിട്ട അനുഭവങ്ങളാണ് എം.എൽ.എ പങ്കുവെച്ചത്. പാർട്ടിയോ മഹിള അസോസിയേഷനോ വേണ്ട വിധം പ്രതിരോധിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
ചില ഫേസ്ബുക്ക് പേജുകളിലൂടെ നടക്കുന്ന അപവാദ പ്രചാരണങ്ങളാണ് ബിബിൻ ചൂണ്ടിക്കാട്ടിയത്. നഗരസഭ സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റം ഹൈകോടതിയിൽ എത്തിച്ച സാഹചര്യവും ചർച്ചയായി. കഴിഞ്ഞ നഗരസഭ ഭരണകാലത്തെ വിഷയം ഉയർന്നത് പാർട്ടി ജില്ല കമ്മിറ്റി അംഗത്തയാണ് പ്രതിരോധത്തിലാക്കിയത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള തീരുമാനം ഇദ്ദേഹത്തിന് തിരിച്ചടിയായി.
ഏരിയ നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണ് പലരും ഉയർത്തിയത്. ജില്ലയിലെ വിഭാഗീയതയുടെ പ്രതിഫലനവും ചേരിമാറ്റവും ചർച്ചയിൽ പ്രകടമായിരുന്നു. ജില്ലയിലെ വിഭാഗീയതയിൽ ഏരിയയുടെ നിലപാട് മാറ്റവും കമ്മിറ്റിയിൽ പ്രകടമായിരുന്നു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ പ്രത്യക്ഷമാകുമെന്ന സൂചനയുമായാണ് യോഗം സമാപിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, ജില്ല സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സത്യപാലൻ, കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, ഹരിശങ്കർ എന്നിവരാണ് ഉപരിഘടകത്തിൽനിന്ന് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

