നിരാഹാരസമരം ഇന്ന് തുടങ്ങുന്നു; സി.പി.എം സമ്മേളനചർച്ചക്ക് ചൂടേകാൻ വയൽക്കിളികൾ
text_fieldsകണ്ണൂർ: സി.പി.എം ജില്ല സമ്മേളനത്തിന് അരങ്ങൊരുങ്ങുേമ്പാൾ പാർട്ടിയെ വെട്ടിലാക്കി കീഴാറ്റൂരിൽ ‘വയൽക്കിളി’ സമരം വീണ്ടും. വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ പാർട്ടിഗ്രാമത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ട സമരം ജില്ല സമ്മേളനത്തിൽ സജീവചർച്ചക്ക് വിഷയമാകും. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂർ വെള്ളിയാഴ്ച മുതൽ നിരാഹാരസമരം തുടങ്ങുകയാണ്. നേരത്തേനടന്ന നിരാഹാരസമരത്തിന് പാർട്ടിഗ്രാമത്തിൽ വലിയ പിന്തുണയാണ് ലഭിച്ചത്. പാർട്ടി കുടുംബങ്ങൾ സമരത്തിൽ അണിനിരന്നതോെട ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കേണ്ടിവന്നു.
ഒടുവിൽ സർക്കാർ സമരക്കാരുമായി ചർച്ചക്ക് തയാറായി. വയൽ നികത്തിയുള്ള ബൈപാസിന് ബദൽ പരിഗണിക്കുമെന്ന ഉറപ്പിലാണ് അന്ന് സമരം താൽക്കാലികമായി അടങ്ങിയത്. വയൽക്കിളികളുമായി സഹകരിക്കരുതെന്ന് പാർട്ടി അണികൾക്ക് നിർദേശം നൽകിയ സി.പി.എം ജില്ല നേതൃത്വം സമരവുമായി സഹകരിക്കുന്ന ഏതാനും പാർട്ടിക്കാരെ ഇൗയിടെ പുറത്താക്കിയിരുന്നു. തുടർന്ന് വയൽ നികത്തിയുള്ള ബൈപാസ് നിർമാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സംസ്ഥാനസർക്കാർ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി. ഇതേതുടർന്നാണ് സുരേഷ് കീഴാറ്റൂർ വീണ്ടും നിരാഹാരം തുടങ്ങുന്നത്.
നേരത്തേ കീഴാറ്റൂർ വയൽക്കരയിൽ നടന്ന സമരം ഇക്കുറി തളിപ്പറമ്പ് ടൗണിലേക്ക് മാറ്റാനും വയൽക്കിളി തീരുമാനിച്ചിട്ടുണ്ട്. ഇത് സമരത്തിന് കൂടുതൽ ജനശ്രദ്ധകിട്ടാൻ സഹായിക്കും. പശ്ചാത്തല സൗകര്യവികസനത്തിന് എതിരുനിൽക്കാനാവില്ലെന്നാണ് ബൈപാസ് നിർമാണത്തിന് അനുകൂലമായി നിലപാടെടുത്ത സി.പി.എമ്മിെൻറ ന്യായവാദം. ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം കീഴാറ്റൂരിൽ പലകുറി പൊതുയോഗം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ളവർ എത്തി പാർട്ടിനിലപാട് വിശദീകരിക്കുകയും ചെയ്തു. എങ്കിലും, സി.പി.എമ്മിന് സമഗ്രാധിപത്യമുള്ള കീഴാറ്റൂർ ഗ്രാമത്തിൽ പാർട്ടി അണികളിൽ വലിയൊരുവിഭാഗം സമരക്കാർക്കൊപ്പമാണ്. ഇതാണ് സി.പി.എമ്മിനെ വലക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
