മലപ്പുറത്തെ നിരന്തരം അവഹേളിച്ച സി.പി.എം രണ്ടാംതരം പൗരന്മാരായി കാണുന്നു -പി.കെ. ബഷീർ
text_fieldsനിലമ്പൂർ: മലപ്പുറത്തെ നിരന്തരം അവഹേളിച്ച സി.പി.എം രണ്ടാംതരം പൗരന്മാരായി കാണുകയാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. കുട്ടികൾ നന്നായി പഠിച്ച് പാസായപ്പോൾ വി.എസ്. അച്യുതാനന്ദൻ പറഞ്ഞത് കോപ്പിയടിച്ചിട്ടാണെന്ന്. എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ എപ്ലസ് ജില്ല മലപ്പുറമാണെന്ന് അഭിമാനത്തോടെ പറയാമെന്നും വിമർശിച്ചവർക്കുള്ള മറുപടിയാണിതെന്നും പി.കെ. ഷാജി വ്യക്തമാക്കി.
മലപ്പുറം ജില്ല രൂപീകരണത്തെ ആര്യാടൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് എതിർത്തുവെന്ന സി.പി.എം ആരോപണത്തോടും പി.കെ. ബഷീർ പ്രതികരിച്ചു. ജില്ലകൾ വിഭജിക്കുമ്പോൾ പല അഭിപ്രായം വരാറുണ്ടെന്നും അത് നിലമ്പൂർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നിലവിലെ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ബഷീർ വ്യക്തമാക്കി.
മാസംതോറും നൽകേണ്ടതാണ് ക്ഷേമപെൻഷൻ. ഓരോ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ പെൻഷൻ കുടിശിക കൊടുക്കുന്നത് എന്തിനാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മൂന്നു മാസത്തെ കുടിശിക കൊടുത്തു. തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തും ഇതാവർത്തിച്ചിരുന്നു. ക്ഷേമപെൻഷൻ ഔദാര്യമാണെന്ന് കോടതിയിൽ പറഞ്ഞവരാണ് കേരള സർക്കാർ.
നിലമ്പൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് യു.ഡി.എഫ് നേരിടുന്നത്. ഒമ്പത് വർഷത്തെ പിണറായി സർക്കാറിന്‍റെ വിധിയെഴുത്താണിത്. തെരഞ്ഞെടുപ്പിൽ എല്ലാ രംഗത്ത് ലീഗ് മുൻപന്തിയിൽ ഉണ്ടാകും. മലപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനെ ജില്ലയിലെ സ്വാധീന ശക്തിയായ ലീഗ് നയിക്കുമെന്നും പി.കെ. ബഷീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

