നാലാം ലോകം: സി.പി.എമ്മിനെ പിടിച്ചുലച്ച പ്രത്യയശാസ്ത്ര പ്രക്ഷോഭം
text_fieldsഎം.പി. പരമേശ്വരൻ
തിരുവനന്തപുരം: സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര അടിത്തറയെ വെല്ലുവിളിക്കുകയും പാർട്ടിക്കുള്ളിൽ സൈദ്ധാന്തിക പ്രകമ്പനങ്ങൾക്ക് തിരികൊളുത്തുകയും ചെയ്ത ബദൽ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടായ ‘നാലാം ലോക’ത്തിന്റെ കർത്താവും വക്താവുമായിരുന്നു എം.പി. പരമേശ്വരൻ. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നേരിട്ട തിരിച്ചടികളെയും പാരിസ്ഥിതിക പരിമിതികളെയും വിശകലനം ചെയ്ത് പരമേശ്വരൻ മുന്നോട്ടുവെച്ച ബദൽ സിദ്ധാന്തം സി.പി.എമ്മിനുള്ളിൽ അക്ഷരാർഥത്തിൽ ആശയപരമായ കൊടുങ്കാറ്റ് സൃഷ്ടിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള ബന്ധം മുറിച്ചും ‘തിരുത്തൽ വാദത്തിന്റെ ബുദ്ധികേന്ദ്രമെന്ന്’ വിധിച്ചും പരമേശ്വരനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുന്നതിലായിരുന്നു ആശയസമരങ്ങളുടെ പര്യവസാനം. 2003-2004 കാലയളവിലാണ് ‘നാലാം ലോകം നാളത്തെ ലോകം’ എന്ന പരമേശ്വരന്റെ ബദൽ വാദം സി.പി.എമ്മിനെ പിടിച്ചുകുലുക്കിയത്.
1998ൽ ആദ്യമായി അവതരിപ്പിക്കപ്പെടുകയും പിന്നീട് ഗ്രന്ഥരൂപത്തിൽ പുറത്തിറങ്ങുകയും ചെയ്ത ‘നാലാം ലോകം’ പരമ്പരാഗത കമ്യൂണിസ്റ്റ് വികസന സങ്കൽപങ്ങൾക്കുള്ള തിരുത്തലായാണ് എം.പി. പരമേശ്വരൻ അവതരിപ്പിച്ചത്. സോവിയറ്റ് യൂനിയന്റെ തകർച്ചയും ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ വീഴ്ചകളും വിശകലനം ചെയ്തുകൊണ്ട് മാർക്സിസം, ഗാന്ധിയൻ ആശയങ്ങൾ, പാരിസ്ഥിതിക ശാസ്ത്രം, പങ്കാളിത്ത ജനാധിപത്യം എന്നിവ സംയോജിപ്പിച്ചുള്ള പുതിയ സോഷ്യലിസ്റ്റ് സങ്കൽപം അദ്ദേഹം മുന്നോട്ടുവെച്ചു.
ഭൗതിക വസ്തുക്കളുടെ വൻ സമൃദ്ധി സൃഷ്ടിക്കുന്നതിലൂടെ മത്സരങ്ങൾ ഇല്ലാതാകുമെന്ന പരമ്പരാഗത മാർക്സിയൻ കാഴ്ചപ്പാടിനെ നാലാം ലോക സിദ്ധാന്തം തള്ളിക്കളഞ്ഞു. നാലാം ലോകത്തിന്റെ സാമ്പത്തിക അടിത്തറ എന്നത് ഗ്രാമങ്ങളുടെ പാരിസ്ഥിതിക ശുദ്ധിയും നഗരങ്ങളുടെ സൗകര്യങ്ങളും ചേരുന്ന സ്വയംപര്യാപ്തമായ ‘ഗ്രാമനഗരം’ ശൃംഖലകളാണെന്ന് അദ്ദേഹം വാദിച്ചു.
കുലുങ്ങിയെങ്കിലും പ്രതിരോധിച്ച് സി.പി.എം
മുതിർന്ന മാധ്യമപ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ വിമർശന ലേഖനത്തോടെയാണ് ഈ വിഷയം പരസ്യ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറിയത്. വർഗസമരമെന്ന മാർക്സിയൻ അടിത്തറയെ നാലാം ലോക സിദ്ധാന്തം നിഷേധിക്കുന്നുവെന്നതായിരുന്നു പാർട്ടിക്കുള്ളിൽ ഉയർന്ന പ്രധാന വിമർശനം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ വ്യാപ്തി കുറക്കാനും എൻ.ജി.ഒ മോഡൽ ബദൽ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനും മാത്രമാണ് ഈ സിദ്ധാന്തം ഉതകുന്നതെന്ന് സി.പി.എം സൈദ്ധാന്തികർ ആരോപിച്ചു.
ഈ ആശയപരമായ തർക്കങ്ങൾ ഒടുവിൽ പാർട്ടി തലത്തിൽ ഔദ്യോഗിക ചർച്ചയായി. നാലാം ലോകം മാർക്സിസ്റ്റ് തത്ത്വങ്ങൾക്ക് നിരക്കാത്തതാണെന്ന് വിലയിരുത്തി 2004 ഫെബ്രുവരിയിലാണ് പരമേശ്വരനെ പാർട്ടി പുറത്താക്കിയത്. ‘കാലഹരണപ്പെടാത്ത സ്വപ്നങ്ങൾ’ എന്ന പേരിൽ എം.പി. പരമേശ്വരൻ എഴുതിയ ആത്മകഥ കൃത്യമായ മറുപടി കൂടിയായിരുന്നു.
മഴ തോർന്നിട്ടും പിന്നെയും മരം പെയ്തു
നാലാം ലോക സിദ്ധാന്തവും അതിനെത്തുടർന്നുണ്ടായ തർക്കങ്ങളും കേവലം ഒരു വ്യക്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിലേക്ക് മാത്രം പരിമിതപ്പെട്ടില്ല എന്നതായിരുന്നു വസ്തുത. അത് ഇടത് രാഷ്ട്രീയ ചിന്തകളിൽ പുതിയൊരധ്യായം തന്നെ തുറന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉയർന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം’ എന്ന ആശയങ്ങൾക്ക് എം.പി. പരമേശ്വരന്റെ നാലാം ലോക ചിന്തകളുമായി പ്രത്യയശാസ്ത്രപരമായ സാമ്യമുണ്ടായിരുന്നു. ഇത് സി.പി.എമ്മിന് തള്ളിക്കളയാനാകുമായിരുന്നില്ല. മറുഭാഗത്ത് പാരിസ്ഥിതിക സോഷ്യലിസത്തിന്റെ പ്രാധാന്യം ജനശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഈ ചർച്ചകൾ സഹായിച്ചു.
പാർട്ടിതലത്തിൽ വിരോധം നേരിട്ടപ്പോഴും എം.പി. പരമേശ്വരൻ മുന്നോട്ടുവെച്ച വികേന്ദ്രീകൃത ആസൂത്രണ സങ്കൽപങ്ങളും അയൽക്കൂട്ട സംവിധാനങ്ങളും കേരളത്തിലെ തദ്ദേശ ഭരണ വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സാംസ്കാരിക-ജനകീയ പ്രസ്ഥാനങ്ങളിൽ പാർട്ടി വിരുദ്ധ ആശയങ്ങൾ വേരുപിടിക്കുന്നത് തടയാൻ പാർട്ടി തങ്ങളുടെ സംഘടനാപരമായ നിയന്ത്രണം ശക്തമാക്കിയെന്നതാണ് മറ്റൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

