പത്തനംതിട്ട ജില്ല സെക്രേട്ടറിയറ്റ് യോഗത്തില്‍ കൈയാങ്കളി നടന്നെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം
text_fieldsപത്തനംതിട്ട: ജില്ല സെക്രേട്ടറിയറ്റ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി നടന്നെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം. അംഗങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റി കൂടുമ്പോള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ചര്‍ച്ചയാണ് നടക്കുകയെന്നും കൈയാങ്കളിയെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ തമ്മില്‍ കൈയാങ്കളി നടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകരെ കാണാൻ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്ന ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ബി. ഹര്‍ഷകുമാറും എ. പത്മകുമാറും വ്യക്തമാക്കി. ഇത് കെട്ടിച്ചമച്ച വാർത്തയാണ്. കൈയാങ്കളി നടന്നുവെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മാധ്യമ വാര്‍ത്ത മാത്രമാണെന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്‍റെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച രാത്രി സെക്രേട്ടറിയറ്റ് യോഗം.
എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്‍റെ പ്രചാരണം മന്ദഗതിയിലാണെന്നും ഒരുവിഭാഗം തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലെ വിമർശനം. ഇതിന്‍റെ പേരിലാണ് വാക്തർക്കം ഉണ്ടായത്. യോഗത്തിലെ വാക്തർക്കം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹർഷകുമാർ പത്മകുമാറിനെ അടിച്ചുവീഴ്ത്തിയെന്നായിരുന്നു വാർത്ത. മർദനമേറ്റ പത്മകുമാർ തിരികെ ഓഫിസിൽ എത്തി തെരഞ്ഞെടുപ്പിന്‍റെ എല്ലാ ചുമതലകളിൽ നിന്നും ഒഴിയുന്നതായി കത്ത് നൽകുകയും ചെയ്തത്രെ. ജില്ല നേതൃത്വത്തിന് പരാതിയും നൽകി. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ ജില്ലയിലെ ചിലർ ആഗ്രഹിച്ചിരുന്നു. ഇവരെ തഴഞ്ഞാണ് സംസ്ഥാന നേതൃത്വം തോമസ് ഐസക്കിനെ സ്ഥാനാർഥിയാക്കിയത്.
ഇതിന്‍റെ ചുവടുപിടിച്ചാണ് പാർട്ടിയിലെ വിഭാഗീയതയും തർക്കവും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയും ബാധിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇതിൽ കൈയാങ്കളി നടന്നെന്ന കാര്യം മാത്രമാണ് മന്ത്രി വാസവൻ അടക്കം നേതാക്കൾ ശക്തമായി നിഷേധിക്കുന്നത്. എന്തായാലും പ്രചാരണം മുറുകുന്നതിനിടെ പുറത്തുവന്ന വാർത്ത പ്രചാരണ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ സി.പി.എം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായിരുന്നു തർക്കത്തിലെ കക്ഷികളെയും ഇരുപുറവും ഇരുത്തി അടിയന്തരമായി ജില്ല സെക്രട്ടറിയുടെ വാർത്ത സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

