സി.പി.എമ്മിൽ പടയൊരുക്കം; ചൂണ്ടുവിരലുകൾ പിണറായിയിലേക്കും പാർട്ടി സെക്രട്ടറിയിലേക്കും
text_fieldsതിരുവനന്തപുരം: എങ്ങനെ തോറ്റുവെന്ന രാഷ്ട്രീയ ചോദ്യത്തിന് മുന്നിൽ സി.പി.എമ്മിൽ ചൂണ്ടുവിരലുകൾ ആദ്യം നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനിലേക്കും. 2021ലെ ഭരണത്തുടർച്ചയുടെ ചരിത്രനേട്ടത്തെ വാഴ്ത്തിപ്പാടിയ കേന്ദ്രങ്ങളിൽനിന്ന് തന്നെ ഇപ്പോൾ വിയോജിപ്പിന്റെയും വിമർശനങ്ങളുടെയും സ്വരങ്ങളുയർന്നു തുടങ്ങി. 17 വർഷം പാർട്ടിയെയും പിന്നാലെ 10 വർഷം സർക്കാറിനെയും നയിച്ച് പിണറായി നേടിയ ‘അനിഷേധ്യനും ചോദ്യം ചെയ്യപ്പെടാത്തതുമായ നേതാവ്’ എന്ന പ്രതിഛായയുടെ അടിത്തറയിളക്കുന്നതാണ് മുന്നണി നേരിട്ട കനത്ത പരാജയം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി അധികാരത്തിലെത്തിയവർ തെക്കൻ കേരളത്തിലെ 39 സീറ്റിൽ 11ഉം മലബാറിലെ 48 സീറ്റുകളിൽ ഏഴും മധ്യകേരളത്തിലെ 53ൽ 17ഉം മാത്രമായി പരിമിതപ്പെട്ടു. മാത്രമല്ല, 13 മന്ത്രിമാരാണ് തോറ്റത്. 1980 ന് ശേഷമുള്ള ഏറ്റവും ദുർബലമായ പ്രതിപക്ഷ സംഖ്യ എന്നതിനൊപ്പം 1977ന് ശേഷം സംസ്ഥാനങ്ങളിലൊന്നും സി.പി.എമ്മിന് ഭരണസാരഥ്യമില്ലാത്ത അസാധാരണ സാഹചര്യത്തിലേക്ക് കൂടിയാണ് ഈ കനത്ത പരാജയം സി.പി.എമ്മിനെ എടുത്തെറിഞ്ഞത്.
അധികാരത്തുടർച്ച ഉറപ്പെന്ന പിണറായിയുടെ ആത്മവിശ്വാസമായിരുന്നു അവസാന നിമിഷംവരെ പാർട്ടിയുടെ കൈമുതൽ. പാർട്ടിയും ഭരണസംവിധാനവുമാകെ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട സവിശേഷ സാഹചര്യത്തിൽ ഇതല്ലാതെ മാർഗവുമുണ്ടായിരുന്നില്ല. പിണറായി വിജയനെ ‘ക്യാപ്റ്റൻ’ എന്ന് ബ്രാൻഡ് ചെയ്തത് ആദ്യകാലങ്ങളിൽ ഗുണംചെയ്തെങ്കിലും പിന്നീടത് ഏകാധിപത്യ ശൈലിയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെട്ടു.
പലപ്പോഴും സി.പി.എമ്മിന്‍റേതായ സംഘടന നിഗമനങ്ങളെ മറികടക്കുന്നതായിരുന്നു ഉദ്യോഗസ്ഥ വൃന്ദത്താൽ നയിക്കപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടുകൾ. കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം മാത്രം നിറച്ചുള്ള പ്രചാരണത്തിലും പാർട്ടിക്കപ്പുറം ഈ ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ ഇടപെടലുകളായിരുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജനവികാരം പ്രകടമായിരുന്നെങ്കിലും ‘ഇളക്കിമറിച്ചുള്ള’ പ്രചാരണങ്ങളിലൂടെ അതിനെ മറികടക്കാമെന്ന നിഗമനങ്ങളും ഈ ഉദ്യോഗമസ്ഥ സംഘത്തിൽനിന്നുണ്ടായതാണ്. പാർട്ടി സംവിധാനങ്ങളാകട്ടെ സ്വഭാവികമായ പരിമിതികളാൽ നിശ്ശബ്ദമാവുകയും ചെയ്തു.
മുഖ്യമന്ത്രി എന്ന ഇളവിൽ ലഭിച്ച ആനുകൂല്യങ്ങളോടെയാണ് 81 വയസ്സ് പിന്നിട്ടിട്ടും പാർട്ടിയുടെ ഉപരികമ്മിറ്റികളിൽ പിണറായി വിജയൻ ഇതുവരെ പരിഗണിക്കപ്പെട്ടത്. പിണറായിയുടെ കാര്യത്തിൽ ഇനി പാർട്ടി നിലപാട് കണ്ടറിയണം. ഇതിനിടെ പാർട്ടി പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയ 79കാരനായ ജി. സുധാകരൻ അമ്പലപ്പുഴയിൽനിന്ന് വിജയിച്ച് നിയമസഭയിലെത്തി.
എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷം തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് പരാജയപ്പെടുന്നത്. പിന്നാലെ പാർട്ടിയിലുയർന്ന എതിർപ്പുകൾ അവഗണിച്ച് ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതും ഉറച്ച കോട്ടയിൽ ദയനീയ പരാജയമറിഞ്ഞതും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ കടുപ്പിക്കുന്നു. തന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇടഞ്ഞ് മത്സര രംഗത്തേക്കെത്തിയ ടി.കെ. ഗോവിന്ദനോടാണ് ശ്യാമളയുടെ പരാജയമെന്നതാണ് ഇരട്ടപ്രഹരം. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും തിരുത്തുമെന്നും എം.വി. ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ പടയൊരുക്കം എങ്ങനെ നേരിടുമെന്നതും ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

