സി.പി.എമ്മിന് ന്യൂനപക്ഷ പേടി; ചരിത്രം പറഞ്ഞു രക്ഷാദൗത്യം
text_fieldsപിണറായി വിജയൻ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ന്യുനപക്ഷ വോട്ടുകൾ കൂട്ടത്തോടെ എതിരാവുമെന്ന് ഇടതുമുന്നണിക്ക് ആശങ്ക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് പക്ഷത്തേക്കു വന്ന ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും നഷ്ടമായേക്കാമെന്ന സംശയത്തിൽ ചോർച്ച തടയുന്നതിനുള്ള പ്രചാരണ വഴികൾ തേടുകയാണു നേതൃത്വം. ചില സംഘടനകളെ ടാർജറ്റ് ചെയ്തു നടത്തിയ വിമർശനങ്ങൾ സമുദായത്തെയാകെ കുറ്റപ്പെടുത്തുന്ന വികാരം ഉയർത്തിയതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളിൽ വൻ ചോർച്ചക്ക് ഇടയാക്കിയതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇത്തവണ പ്രചാരണ തുടക്കത്തിൽ ഇത്തരം വിമർശനങ്ങളിൽ സി.പി.എം ജാഗ്രതക്ക് ശ്രമിച്ചിരുന്നു.
പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമത്തിന് സി.പി.എമ്മും ഇടതു സർക്കാറുകളും സ്വീകരിച്ച നടപടികൾ ഉയർത്തിക്കാട്ടാനാണു നേതൃത്വം ഒരുങ്ങുന്നത്. മുസ്ലിം ലീഗിന് ആദ്യമായി സംസ്ഥാനത്ത് മന്ത്രിസഭ പ്രാതിനിധ്യം കൊടുത്തത് അടക്കം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പുതിയ അജണ്ട സെറ്റ് ചെയ്തു കഴിഞ്ഞു. കോൺഗ്രസ് സഖ്യകക്ഷിയായിരുന്നിട്ടും മുസ്ലിം ലീഗിന് മന്ത്രിസ്ഥാനം നൽകാൻ തയാറായില്ലെന്നും സ്പീക്കർ പദവി കൊടുത്തു സാന്ത്വനപ്പെടുത്തിയത് തൊപ്പിയൂരണമെന്ന നിബന്ധനയിലാണെന്നും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തിയ ബേബി കഴിഞ്ഞ ആറു ദശകത്തിനിടെ മുസ്ലിം സമുദായത്തിനു വേണ്ടി ഇടതുപക്ഷം നൽകിയ സംഭാവനകൾ എണ്ണിപ്പറയാനാണു കുടുതൽ സമയവും നീക്കിവെച്ചത്. കോൺഗ്രസിന് ആർ.എസ്.എസുമായി കാലങ്ങളായി അടുത്ത ബന്ധമാണെന്നും അദ്ദേഹം സമർഥിച്ചു.
1967ൽ അധികാരത്തിൽ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ആണ് ലീഗ് പ്രതിനിധിയെ ആദ്യമായി മന്ത്രിയാക്കിയത്. മലപ്പുറം ജില്ല രൂപവത്കരിച്ചതും ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി മന്ത്രിസഭയാണ്. മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ ഇ.എം.എസ് തറക്കല്ലിട്ടു നിർമിച്ച് ഇന്ന് അദ്ദേഹത്തിന്‍റെ പേരിൽ ഇ.എം.എസ് പള്ളി എന്ന് അറിയപ്പെടുന്ന മസ്ജിദിന്‍റെ ചരിത്രവും അദ്ദേഹം വിവരിച്ചു.
വർഗീയ ശക്തികളുടെ ഇടപെടലിൽ മത സൗഹാർദം തകർക്കാൻ ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ സർക്കാർ ശ്രമിക്കുമ്പോൾ എല്ലാത്തരം ന്യുനപക്ഷ അവകാശങ്ങളുടെയും സംരക്ഷണത്തിനാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. മറ്റുള്ളവർ വോട്ട്ബാങ്ക് രാഷ്ട്രീയം പയറ്റുമ്പോൾ സാമൂഹിക ഉന്നമനത്തിനു വേണ്ടിയുള്ള സോഷ്യൽ എൻജിനീയറിങ്ങിനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ദിര ഗാന്ധി വിദേശ സംഭാവന നിയന്ത്രണ നിയമം കൊണ്ടുവന്നപ്പോഴും ആർ.എസ്.എസിനെ ഒഴിവാക്കിയിരുന്നു. പിന്നീട് കോൺഗ്രസ് സർക്കാർ തന്നെ നിയമം ഭേദഗതി ചെയ്തപ്പോഴും ആർ.എസ്.എസിന് ഇളവ് കൊടുത്തുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

