പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ വി.പി. അബ്ദുൽ അസീസിനെതിരെ വ്യാജരേഖ ചമച്ച സംഭവത്തിൽ കേസെടുത്ത വിഷയത്തിൽ വിശദീകരണവുമായി സി.പി.എം. പാർട്ടിക്കോ പഞ്ചായത്ത് ഭരണസമിതിക്കോ പങ്കില്ലാത്ത വിഷയമാണെന്നും പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥൻ തയാറാക്കിയതാണ് കത്തെന്നും സി.പി.എം ലോക്കൽ കമ്മിറ്റി വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.
പട്ടികജാതിക്കാരനായ വ്യക്തിക്ക് വീട് നൽകാതിരിക്കാൻ ഇദ്ദേഹത്തിന് വീടുണ്ടെന്ന് പട്ടികജാതി വകുപ്പിന് പഞ്ചായത്ത് നൽകിയ കത്ത് വ്യാജമാണെന്ന പരാതിയിലാണ് കേസ്. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് അന്വേഷിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് യു.ഡി.എഫ് ഉന്നയിക്കുന്നതെന്നും അർഹതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും പണിതീർത്ത് മുഴുവൻ തുകയും നൽകി താമസമാരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
മുൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അന്നത്തെ സി.പി.എം പ്രവർത്തകനായ പരാതിക്കാരൻ സീറ്റ് ലഭിക്കാതായതോടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇതിലെ വിരോധത്തിൽ അർഹതപ്പെട്ട വീട് തടഞ്ഞെന്ന പരാതിയോടെ വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭ്യമാക്കിയപ്പോഴാണ് പഞ്ചായത്തിൽ നിന്ന് ഇദ്ദേഹത്തിന് വീടുണ്ടെന്ന കത്ത് പട്ടികജാതി വകുപ്പിന് ലഭിച്ചതായി വ്യക്തമായത്. ഇത് വ്യാജമാണെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനാണ് അന്വേഷിച്ചിരുന്നത്. തങ്ങളാരും ഇത്തരത്തിൽ കത്ത് നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അന്ന് ഡിവൈ.എസ്.പി മുമ്പാകെ മൊഴി നൽകിയിരുന്നു.