എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ടുകൾ മറിച്ചെന്ന് ; തിരുവല്ലയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയെ അടക്കം പുറത്താക്കി സി.പി.എം
text_fieldsസിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രവി പ്രകാശിനെ പുറത്താക്കിക്കൊണ്ട് സി.പി.എം ജംഗ്ഷനിൽ പതിച്ച പോസ്റ്റർ
തിരുവല്ല: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയെ കാലുവാരിയ സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ സി.പി.എം പുറത്താക്കി. കാൽനൂറ്റാണ്ട് കാലമായി സി.പി.എമ്മിന്റെ പ്രതിനിധികൾ മാത്രം വിജയിച്ചിരുന്ന തിരുവല്ല നഗരസഭയിലെ 28 ാം വാർഡായ കാവുംഭാഗത്ത് സി.പി.എമ്മിനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്താക്കിലിനിടയാക്കിയത്.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും കാവുംഭാഗം ബി ബ്രാഞ്ച് അംഗവുമായ രവി പ്രകാശ് ( ഗണപതി കുന്നമ്പിൽ), ഭാര്യ സജിനി പ്രകാശ്, പ്രവർത്തകനായ ബിബിൻ ( കണ്ണൻ, വാളം പറമ്പിൽ) എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തന ഭാഗമായി സി.പി.എമ്മിൽ നിന്നും പുറത്താക്കിയതായി കാണിച്ച് കാവുംഭാഗം ജംഗ്ഷനിലടക്കം വ്യാപകമായി പോസ്റ്ററുകൾ പതിച്ചു.
സി.പി.എമ്മിന്റെ അപ്രമാദിത്യമുള്ള വാർഡിൽ സി. മത്തായി ആയിരുന്നു ഇക്കുറി 28ാം വാർഡിലേക്ക് മത്സരിച്ചത്. മത്തായിക്ക് 412 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് കാവുംഭാഗം 69 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാർഡിൽ നിന്നും വിജയിച്ചു കയറുകയായിരുന്നു.
സി.പി.എമ്മിന് അനുകൂലമായ നായർ വോട്ടുകൾ എൻ.ഡി.എ സ്ഥാനാർഥിക്ക് മറിച്ചു നൽകി എന്നതാണ് മൂവർക്കും എതിരെ ഉയർന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബ്രാഞ്ച് കമ്മിറ്റി നടപടിയെടുത്തത്. എന്നാൽ, സി.പി.എം ഏരിയ നേതൃത്വം ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

