ജി. സുധാകരനെ അധിക്ഷേപിച്ച പ്രവർത്തകൻ ക്ഷമാപണം നടത്തി; സൈബർ ആക്രമണത്തിന് പിന്നിൽ എച്ച്. സലാമല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി
text_fieldsജി. സുധാകരൻ, ആർ. നാസർ, എച്ച്. സലാം
ആലപ്പുഴ: സൈബർ ആക്രമണത്തിന് പിന്നിൽ ജില്ലയിലെ ഒരു നേതാവാണെന്ന മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. ഫേസ്ബുക്കിൽ ജി. സുധാകരനെ അധിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ പാർട്ടിയോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് നാസർ പറഞ്ഞു.
അയാളെ താക്കീത് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന പ്രചാരണം വെറുതെയാണെന്നും അക്കാര്യം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും നാസർ കൂട്ടിച്ചേർത്തു.
സുധാകരനെ ഫേസ്ബുക്കിൽ അധിക്ഷേപിച്ചെങ്കിൽ നിയമപരമായി പരാതി നൽകുകയാണ് വേണ്ടതെന്ന് എച്ച്. സലാം എം.എൽ.എയും പ്രതികരിച്ചു. അല്ലെങ്കിൽ പാർട്ടിക്ക് പരാതി നൽകാം. അത്തരത്തിൽ മോശം പരാമർശങ്ങൾ നടത്തുന്നത് തങ്ങളുടെ ശീലമല്ല. അതൊരിക്കലും ഉണ്ടാകില്ലെന്നും സലാം വ്യക്തമാക്കി.
എന്തുകൊണ്ട് ഇങ്ങനെ പ്രതികരണങ്ങൾ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അതിന് കൃത്യമായ ഉദ്ദേശം ഉണ്ടാകും. അത് തങ്ങൾ എല്ലാവർക്കും അറിയാമെന്നും സലാം കൂട്ടിച്ചേർത്തു.
കെ.പി.സി.സി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്പിലെ സെമിനാറിൽ സുധാകരൻ പങ്കെടുത്തത് മുതലാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്.
പാർട്ടിയോട് ചേർന്നു പോകണമെന്ന് ഉപദേശിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനമാണ് ജി. സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയത്. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ലെന്നും തന്നോട് ഫൈറ്റ് ചെയ്തവർ ആരും ജയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എ.കെ. ബാലന് തന്നെക്കുറിച്ച് പറയാന്‍ എന്ത് കാര്യമെന്നും സുധാകരന് ചോദിച്ചു.
തന്നെ ഉപദേശിക്കാന്‍ സജി ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും അദ്ദേഹത്തിനില്ല. സംഘടനാശൈലിയും അറിയില്ല. സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചു. തനിക്കെതിരെ പരാതി നല്‍കിയതില്‍ അദ്ദേഹം പങ്കാളിയാണ്. പുറത്താക്കിയെന്നുപറഞ്ഞ് ചില സഖാക്കൾ പടക്കംപൊട്ടിച്ചു. ടീപാർട്ടി നടത്തി. അതിൽ സജിയും പങ്കാളിയാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുക്കണം.
പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. സജി ചെറിയാനാണ് പാർട്ടിക്ക് യോജിക്കാതെ സംസാരിക്കുന്നത്. പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തി. പാർട്ടി വിലക്കിയില്ല.
എ.കെ. ബാലന് തന്നെക്കുറിച്ച് പറയാന്‍ എന്ത് കാര്യം. 1972ലെ എസ്.എഫ്.ഐ കാലത്തെക്കുറിച്ചാണ് ബാലൻ പറയുന്നത്. അത് ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. താന്‍ മാറിയിട്ടില്ലെന്നും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു.
ജി. സുധാകരന് ഇപ്പോഴും എസ്.എഫ്.ഐയുടെ മനസ്സാണെന്ന് എ.കെ. ബാലൻ ഫേസ്ബുക്ക് പേജിൽ പറഞ്ഞിരുന്നു. പാര്‍ട്ടി അവഗണിക്കുന്നതായി സുധാകരന് തോന്നലുണ്ട്. എന്നാല്‍, തനിക്ക് അങ്ങനെ അഭിപ്രായമില്ല, വേണ്ടപ്പെട്ടവര്‍ പരിശോധിക്കണമെന്നും ബാലന് പറഞ്ഞു.
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ജില്ലയിലെ ഒരു നേതാവാണെന്ന് സുധാകരൻ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണത്തിലാണ് സുധാകരന് പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന് കഴിഞ്ഞ ദിവസം സജി ചെറിയാന് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

