Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എൽ.ഡി.എഫ് അല്ലാതെ...

‘എൽ.ഡി.എഫ് അല്ലാതെ മറ്റാര്?’ മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചു; ‘കടക്ക് പുറത്ത്’ ജനങ്ങൾ ഓർത്തുവെച്ചെന്ന് ആലപ്പുഴ സി.പി.എമ്മിൽ രൂക്ഷവിമർശനം

text_fields
bookmark_border
‘എൽ.ഡി.എഫ് അല്ലാതെ മറ്റാര്?’ മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചു; ‘കടക്ക് പുറത്ത്’ ജനങ്ങൾ ഓർത്തുവെച്ചെന്ന് ആലപ്പുഴ സി.പി.എമ്മിൽ രൂക്ഷവിമർശനം
cancel

ആലപ്പുഴ/ തൃശൂർ/കാസർകോട്/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനും ശൈലിക്കുമെതിരെ വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അതിരൂക്ഷമായ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും അംഗങ്ങൾ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിൽ ഉയർത്തിയ ‘എൽ.ഡി.എഫ് അല്ലാതെ മറ്റാര്’ എന്ന മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചതായി ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഇത് അഹങ്കാര മുദ്രാവാക്യമെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. 2016ലെയോ 21ലെയോ മുദ്രാവാക്യങ്ങൾ ജനങ്ങളെ അടുപ്പിച്ചപ്പോൾ 2026ലെയത് അകറ്റി. പിണറായി വിജയന്റെ ചിത്രം മാത്രം വെച്ചപ്പോൾ ‘ഞാനല്ലാതെ മറ്റാര്’ എന്ന് ജനങ്ങൾക്ക് തോന്നിപ്പിച്ചു. ജനങ്ങൾ ‘കടക്ക് പുറത്ത്’ശൈലിയും ഓർത്തുവെച്ചു. സ്വന്തം മണ്ഡലത്തിൽ തുടക്കത്തിൽ പിന്നിൽ പോയത് പാർട്ടിയും പിണറായിയും പരിശോധിക്കണം.

കയർ മേഖലയെ പി. രാജീവ് തകർത്തതായും യോഗത്തിൽ വിമർശനമുയർന്നു. രാജീവ് മുതലാളിമാർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. ജി. സുധാകരനും തോമസ് ഐസക്കും വരുമാനമുള്ള മേഖലയാക്കി മാറ്റിയ കയർ വകുപ്പിനെ അഞ്ച് വർഷം കൊണ്ട് പി. രാജീവ് തകർക്കുകയായിരുന്നുവെന്നും വിമർശനമുണ്ട്.

പാർട്ടി നേതൃത്വം ജനങ്ങളോട് മര്യാദപൂർവ്വം പെരുമാറാത്തതാണ് വൻ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് തൃശൂർ ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ട് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിലും മണ്ഡലങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിലും പാർട്ടി ഘടകങ്ങൾ പരാജയപ്പെട്ടു. പാർട്ടിയുടെ കോട്ടയായ കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽ നിന്നുപോലും വോട്ടുകൾ ചോർന്നത് അതീവ ഗൗരവത്തോടെ കാണണം.

തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ വലിയൊരു ശുദ്ധികലശം വേണം. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി, താഴെത്തട്ടിലുള്ള അണികളെ കേട്ടും ജനങ്ങളിലേക്ക് ഇറങ്ങിയും പാർട്ടി പുതിയ രീതിയിൽ മുന്നോട്ട് പോകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പാർട്ടി നേതൃത്വം ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നുവെന്നും ഇതിൽ ജനങ്ങൾക്കും സജീവ പ്രവർത്തകർക്കും കടുത്ത അതൃപ്തിയുണ്ടെന്നും കാസർകോട് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഈ തെറ്റായ ശൈലി അടിയന്തരമായി മാറ്റിയില്ലെങ്കിൽ പശ്ചിമ ബംഗാളിലെ തകർച്ച കേരളത്തിലും ആവർത്തിക്കും.

വലിയ തോൽവി നേരിട്ടിട്ടും പിണറായി വിജയനെ തന്നെ വീണ്ടും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് ജനങ്ങൾക്കും അണികൾക്കും നല്ല സന്ദേശമല്ല നൽകിയത്. പാർട്ടിയിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന് മാത്രം കൂടുതൽ പരിഗണനയും അധികാരങ്ങളും ലഭിക്കുന്നത്? വാർത്താസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിക്കുന്ന നിലപാടുകൾ സജീവ പ്രവർത്തകരെപ്പോലും നിരാശപ്പെടുത്തുന്നതും ജനങ്ങളെ എതിരാക്കുന്നതുമാണ്. അദ്ദേഹം സ്ഥാനം ഒഴിയണം.

മാറ്റത്തിന് പാർട്ടി തയ്യാറാണെന്ന സന്ദേശം നൽകാൻ പ്രതിപക്ഷ നേതാവ്, പാർട്ടി സെക്രട്ടറി സ്ഥാനങ്ങളിൽ പുതിയ ആളുകൾ വരണം. പയ്യന്നൂരിലും തളിപ്പറമ്പിലും ജനവികാരം ഉണ്ടായിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാറിചിന്തിച്ചില്ല. കെ.കെ. ശൈലജയെ പേരാവൂരിൽ കൊണ്ടുപോയി മത്സരിപ്പിച്ചതിലും കടുത്ത വിമർശനമുയർന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണ് പരാജയത്തിന് കാരണമായതെന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ വിമർശനമുയർന്നു. സി.പി.എം പ്രവർത്തകൻ സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞു. അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും അതിരൂക്ഷമായ വിമർശനമാണുണ്ടായത്. മുഷിഞ്ഞ ഷർട്ടിടുന്നവരെ മാറിനിൽക്കാൻ പറയുന്ന രീതിയായിരുന്നു അവിടെ. സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiPoliticalNewsCPM
News Summary - CPM District Committees Criticise Pinarayi Vijayan, State Leadership Over Election Defeat and Campaign Style
Next Story