പിണറായിക്കും ഗോവിന്ദനുമെതിരെ സി.പി.എമ്മിൽ കൂട്ടവിചാരണ; അഹങ്കാരത്തിന്റെ ശരീരഭാഷ, ജനങ്ങളെ ശത്രുക്കളാക്കി
text_fieldsതിരുവനന്തപുരം/കാസർകോട്/ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ല ഘടകങ്ങളിൽ കടുത്ത അമർഷം.മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ശൈലികളും നിലപാടുകളുമാണ് പാർട്ടിയെ തകർത്തതെന്ന കടുത്ത വിചാരണയാണ് ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഉയരുന്നത്. നിലവിൽ സംസ്ഥാനത്തെ പത്ത് ജില്ലാ യോഗങ്ങൾ പൂർത്തിയായെന്നാണ് അറിയാൻ കഴിയുന്നത്. മിക്കയിടത്തും സമാനമായ വിമർശനങ്ങളാണ് നേതൃത്വത്തിന് നേരെ ഉയർന്നിട്ടുള്ളത്.
പാർട്ടിയിൽ ‘തമ്പ്രാക്കന്മാർ, അടിയാന്മാർ’ എന്ന രീതിയിലുള്ള സമീപനമാണ് നിലവിലുള്ളതെന്ന് കാസർകോട് ജില്ല സെക്രട്ടേറിയറ്റിൽ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. പയ്യന്നൂരിലെ സ്ഥാനാർഥി നിർണയത്തിനെതിരെയും യോഗത്തിൽ വലിയ ആക്ഷേപമുയർന്നു.
ഭൂമാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് പാർട്ടിക്കും തെരഞ്ഞെടുപ്പ് ഫലത്തിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് ജില്ല ഘടകത്തിന്റെ വിലയിരുത്തൽ.
ഭരണ-പാർട്ടി നേതൃത്വങ്ങളുടെ കടുത്ത പോരായ്മകളാണ് തെരഞ്ഞെടുപ്പ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം ഉടൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നുമുള്ള ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു.
പാർട്ടി നേതാക്കളുടെ ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കടുത്ത ഭാഷയിലാണ് യോഗത്തിൽ വിമർശനമുയർന്നത്.
ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ശൈലി പാർട്ടിക്ക് ചേർന്നതല്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പി.കെ. ശ്യാമളയെ തെരഞ്ഞെടുപ്പ് ഗോദിലിറക്കിയത് വലിയ തെറ്റായ തീരുമാനമായിപ്പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
എ.കെ. ബാലൻ നടത്തിയ ചില പ്രസ്താവനകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കാൻ കാരണമായതായും വിമർശനമുണ്ട്.
സംസ്ഥാന നേതൃത്വത്തിന് പുറമെ ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിനെതിരെയും കായംകുളം മുൻ എം.എൽ.എ യു. പ്രതിഭക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണങ്ങൾ ഒട്ടും അനുചിതമായിരുന്നില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ പരാജയവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങളാണ് ജില്ലാ സെക്രട്ടറി പറഞ്ഞുണ്ടാക്കിയതെന്ന് യോഗം വിലയിരുത്തി. അതേസമയം, യു. പ്രതിഭയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ പാർട്ടിയെ മൊത്തത്തിൽ സംശയനിഴലിലാക്കുന്ന രീതിയിലായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

