
കാരാട്ട് ഫൈസലിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.എം ജില്ല കമ്മിറ്റി
text_fieldsകോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസലിനെ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കില്ലെന്ന് തീരുമാനം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ഇദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിലാണ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനമെടുത്തത്. അതേസമയം, കൂടുതൽ വിവാദങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാൽ സ്വയം പിൻമാറിയതാണെന്ന് കാരാട്ട് ഫൈസൽ വിശദീകരിക്കുന്നു.
കൊടുവള്ളി നഗരസഭയിലെ 15ാം വാർഡ് ചുണ്ടപ്പുറത്തുനിന്നാണ് ൈഫസൽ ജനവിധി തേടാനിരുന്നത്. പി.ടി.എ റഹീം എം.എൽ.എയാണ് കഴിഞ്ഞയാഴ്ച ഇദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
2013ലെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിെൻറ വീട്ടിൽ റെയ്ഡ് നടക്കുകയും 36 മണിക്കൂർ ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു.
സ്ഥാനാർഥിത്വം വിവാദമായതോടെ താമരശ്ശേരി ലോക്കൽ കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നു. ഈ യോഗത്തിൽ പലരും ആശങ്ക ഉയർത്തി. തെരഞ്ഞെടുപ്പ് സമയത്ത് തുടർ ചോദ്യം ചെയ്യലുണ്ടായാൽ അത് മത്സരത്തെ ബാധിക്കും. മാത്രമല്ല, ഇടത് മുന്നണിയുടെ മറ്റു സ്ഥാനാർഥികൾക്കും അത് ക്ഷീണം ചെയ്യും.
സ്ഥാനാർഥിത്വവുമായി മുന്നോട്ടുപോകേണ്ട എന്ന തീരുമാനവും അവരെടുത്തു. തുടർന്ന് ജില്ല കമ്മിറ്റിയും സമാന തീരുമാനമെടുക്കുകയായിരുന്നു. അതേസമയം, കാരാട്ട് ഫൈസൽ ചുണ്ടപ്പുറത്ത് പ്രചാരണം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഓഫിസും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പറമ്പത്തുകാവ് വാർഡിൽനിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം നഗരസഭയിലെത്തിയത്.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ കാരാട്ട് ഫൈസൽ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസിെൻറ ആരോപണം. മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ കെ.ടി. റമീസിൽനിന്നും പിന്നീട് മറ്റൊരു പ്രതി സന്ദീപ് നായരുടെ ഭാര്യയിൽ നിന്നുമാണ് ഫൈസലിെൻറ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മറ്റ് ചില പ്രതികളുടെ മൊഴികളും ഫൈസലിന് എതിരാണ്. സ്വർണക്കടത്തിൽ പണം നിക്ഷേപിക്കാൻ കഴിയുന്നവരെ കണ്ടെത്തുന്നതിലെ മുഖ്യകണ്ണിയായിരുന്നു റമീസ്.
ഇത് കൂടുതൽ വ്യക്തമാക്കുന്ന മൊഴിയാണ് സന്ദീപ് നായരുടെ ഭാര്യ നൽകിയത്. ഫൈസൽ പലതവണ സന്ദീപിനെ കാണാനെത്തിയെന്നും ഇരുവരും സ്വർണക്കടത്ത് ചർച്ച ചെയ്തതെന്നും ബാഗേജിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ ഫൈസൽ സഹായിച്ചെന്നുമായിരുന്നു മൊഴി. റെയ്ഡിൽ ഫൈസലിെൻറ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചിരുന്നു.