തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി. ദീപക്കിനെതിരെ സി.പി.എം നടപടി. സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ ദീപക്കിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കൈതമുക്കിൽ പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്നെന്ന ദീപക്കിന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് നടപടി. പേട്ട ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.
കുട്ടികൾ മണ്ണ് വാരിത്തിന്നെന്ന ദീപക്കിന്‍റെ പ്രസ്താവന സംസ്ഥാന സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ദേശീയതലത്തിൽ ഉൾപ്പടെ ഇത് ചർച്ചയായിരുന്നു. എന്നാൽ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കുട്ടികൾ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
വിവാദത്തെ തുടർന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി സ്ഥാനം ദീപക് രാജിവെച്ചിരുന്നു. സി.പി.എമ്മിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു ദീപക്കിന്‍റെ രാജി. തുടർന്നാണ് പാർട്ടി തലത്തിലും നടപടി.
തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് ദീപക്കിനെ തരംതാഴ്ത്തിയത്. ഇത് വരുംദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.