ഞങ്ങൾ ശക്തമായി തിരിച്ച് വരും, എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട -പിണറായി
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും ഇപ്പോഴത്തെ പരാജയം എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ. കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാറിന്റെ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
10 വർഷമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നത്. അത് നല്ല നിലയിൽ നടപ്പാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനാവൂവെന്ന് പറയുന്നില്ല. പുതിയ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. അങ്ങനെ അല്ലെങ്കിൽ എതിർക്കും. ഇത്തരം ഘട്ടത്തിൽ എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം, പരാജയത്തിന് പിന്നാലെ പോരായ്മകൾ തിരുത്തി ശക്തമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ എഴുത്തിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം. ചരിത്രത്തിലെ മുൻകാല തിരിച്ചടികൾ ചൂണ്ടിക്കാട്ടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതിരോധം. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വെറും 17 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും 2001ൽ എൽ.ഡി.എഫ് 40 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ, അതിനെ അതിജീവിച്ച് 99 സീറ്റുകൾ നേടി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയും പാർട്ടി മറികടക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും ജനക്ഷേമ-പൊതുവികസന പദ്ധതികൾ വലിയ രീതിയിൽ നടപ്പാക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ച് പാർട്ടി പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.
എൽ.ഡി.എഫ് തുടർഭരണത്തിലൂടെ കേരളത്തിൽ വികസനമുണ്ടായെന്നും ആഗോളവത്കരണ നയങ്ങൾ കാരണം പിന്നാക്കം പോയ 30 ശതമാനം വരുന്ന ജനവിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

