നിയമന ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള ചോക്കാട് ബാങ്കിന് നഷ്ടം 25 ലക്ഷം
text_fieldsകാളികാവ് (മലപ്പുറം): സി.പി.എം നിയന്ത്രണത്തിലുള്ള ചോക്കാട് സർവിസ് സഹകരണ ബാങ്കിൽ നിയമനക്രമക്കേടിനെ തുടർന്ന് 25 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തൽ. നഷ്ടമായ തുക ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാനും ശിപാർശ ചെയ്തു. താൽക്കാലിക നിയമനങ്ങളിൽ അഴിമതി ആരോപിച്ച് സ്ഥാപകാംഗങ്ങളിലൊരാളായ എം.കെ. അബൂബക്കർ 2017ൽ നൽകിയ പരാതിയിലാണ് നടപടി. സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷനാണ് ബാങ്കിന്റെ സെക്രട്ടറി ഇൻ ചാർജ്.
ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സ്ഥിരം നിയമനത്തിലൂടെയോ നികത്താതെ ഇഷ്ടക്കാരെ താൽക്കാലിക ജീവനക്കാരായി നിയമിക്കുന്നെന്നാണ് പരാതി. അവർക്ക് ഉയർന്ന ദിവസവേതനം നൽകുന്നതായി രേഖപ്പെടുത്തി, തുച്ഛമായ തുക നൽകി ബാക്കി പണം ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും വീതംവെച്ചെടുക്കുന്നതായാണ് പരാതിയിൽ പറഞ്ഞിരുന്നത്.
വിജിലൻസ് പരിശോധനയിൽ 2015 മുതൽ വിവിധ കാലയളവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ എട്ടു പേർ ജോലി ചെയ്തതായും നിലവിൽ അഞ്ചു പേരുണ്ടെന്നും കണ്ടെത്തി. നിയമനങ്ങളിലൂടെ 25,00,800 രൂപ ബാങ്കിന് നഷ്ടമുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ട്. 2011-16 കാലയളവിലെ ഭരണസമിതി അംഗങ്ങളായ ടി. ശിവശങ്കരൻ, എ.എം. മാത്യു, കെ. കദീജ, സീനത്ത് അബ്ബാസ്, പി.കെ. ഉമ്മർ, കെ. സൽമത്ത്, എം.കെ. അഹമ്മദ് കുട്ടി, 2016 മുതൽ 21 വരെ അംഗങ്ങളായിരുന്ന ശിവശങ്കരൻ, കദീജ, പി. വേലായുധൻ, എം. പ്രീതി, എ. ഉമ്മർ, എ. വല്ലൻ, എം. അബ്ദുൽ റസാഖ്, സൽമത്ത്, എം.കെ. അഹമ്മദ് കുട്ടി, നിലവിലെ ഭരണസമിതിയിലെ പി.കെ. ഉമ്മർ, വി. അൻഷാബ്, വി.എം. അബ്ദുൽ റഷീദ്, പി. ഹസൻ, പ്രീതി, ഫെബിന, വല്ലൻ, സൗമിനി, രാജൻ എന്നിവരിൽനിന്ന് തുക തിരിച്ചുപിടിക്കാനാണ് ശിപാർശ. തുടർനടപടികൾക്ക് സഹകരണ ജോയന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ഗവ. സെക്രട്ടറി പരാതിക്കാരനെ അറിയിച്ചു. സെക്രട്ടറി ഇൻ ചാർജായ ഇ. പത്മാക്ഷനെ ന്യായീകരിച്ച് രണ്ടു തവണ പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോഴിക്കോട് വിജിലൻസ് കോടതി സ്വീകരിച്ചില്ല.
അതേസമയം, അംഗങ്ങളിൽനിന്ന് നഷ്ട തുക ഈടാക്കണമെന്ന വിജിലൻസ് ശിപാർശയുടെ ഒരറിയിപ്പും ബാങ്കിന് ലഭിച്ചിട്ടില്ലെന്ന് പ്രസിഡൻറ് പി.കെ. ഉമ്മർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

