സിപിഎം വിശാലസമിതി: പാലക്കാടിന് പിന്നാലെ കണ്ണൂരിലും മാറ്റം വരും
text_fieldsകണ്ണൂർ: ഒക്ടോബർ 18,19 ദിവസങ്ങളിൽ നടക്കുന്ന സി.പി.എം വിശാല ജില്ല സമിതിയോഗത്തിൽ കണ്ണൂർ കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങൾക്ക് സാധ്യത. ഇതര ജില്ല കമ്മിറ്റികളുടേതിന് സമാനമായി കണ്ണൂർ ജില്ല സെക്രട്ടേറിയറ്റിലും ജില്ല സമിതിയിലും കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന.
സി.പി.എം വിട്ട മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ എം.എൽ.എ, മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ എന്നിവരുടെ ഒഴിവ് നികത്തുന്നതിനു പുറമെ, യുവജന-വിദ്യാർഥി-മഹിള സംഘടനകളിൽനിന്ന് ഏതാനും പേർ ജില്ല സമിതിയിൽ ഇടംപിടിക്കും.
നിലവിൽ 50 അംഗ ജില്ല കമ്മിറ്റിയാണ് കണ്ണൂരിലേത്. സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദന്റെ ഒഴിവിൽ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് എത്താനാണ് സാധ്യത. സെക്രട്ടേറിയറ്റിൽ തളിപ്പറമ്പ് ഏരിയയുടെ ചുമതല വഹിച്ചിരുന്നയാൾ കൂടിയായിരുന്നു യു.ഡി.എഫ് പിന്തുണയിൽ വിജയിച്ച ടി.കെ.ഗോവിന്ദൻ എം.എൽ.എ. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റും സെക്രട്ടറിയും നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളാണ്.
എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോയൽ തോമസിനും സാധ്യതയേറെ. ജില്ല സെക്രട്ടേറിയറ്റംഗമായ എൻ. സുകന്യ സംസ്ഥാന സമിതിയിൽ വന്നതിനാൽ ജനാധിപത്യ മഹിള അസോസിയേഷനിൽനിന്ന് ഒരാൾ ജില്ല സെക്രട്ടേറിയറ്റിലും ഇടംപിടിച്ചേക്കും.
അമ്പതംഗ ജില്ല കമ്മിറ്റിയിലെ ഒഴിവ് നികത്തുന്നതിനൊപ്പം പ്രത്യേക ക്ഷണിതാക്കളായി കൂടുതൽ പേർ എത്താനാണ് സാധ്യത.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഉണ്ടായ വീഴ്ചകളുടെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിശാല സംസ്ഥാന സമിതി യോഗം ശാസിച്ചത്.
അതേ വീഴ്ചക്ക് സംസ്ഥാന സെക്രട്ടറിക്കു പുറമെ, ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനും പ്രതിനിധികൾ ആരോപണമുന്നയിക്കും. തളിപ്പറമ്പിലും പയ്യന്നൂരിലും നേരിട്ട തിരിച്ചടി മാത്രമാണ് സംസ്ഥാന തലത്തിൽ വലിയ ചർച്ചയായത്. ധർമടത്തും മട്ടന്നൂരിലും ഉൾപ്പെടെ പാർട്ടി കോട്ടകളിലുണ്ടായ വോട്ടുചോർച്ചയും ചർച്ചയാവും.
പിണറായി വിജയൻ, എം.വി.ഗോവിന്ദൻ തുടങ്ങിയവരാണ് കണ്ണൂർ വിശാലസമിതിയിൽ പങ്കെടുക്കുന്നത്. ഇരുവരുടെയും അറിവോടെയാണ് സ്ഥാനാർഥി നിർണയത്തിൽ കെ.കെ. രാഗേഷ് നിലപാടെടുത്തത്.
അതിനാൽ ജില്ല സെക്രട്ടറിക്കുനേരെയുണ്ടായ വിമർശനങ്ങൾക്ക് എന്തുമറുപടിയുണ്ടാകുമെന്നതും പ്രധാനമാണ്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി. ജയരാജൻ സ്വീകരിക്കുന്ന നിലപാടും വിശാലസമിതിയിൽ നിർണായകമാണ്. വിഭാഗീയത രൂക്ഷമായ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കെതിരായ നടപടികളും വിശാലസമിതിയോടെ തീരുമാനമാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

