പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന് സി.പി.എം; കോഴ കൈപ്പറ്റിയത് പണമായും ചെക്കായും
text_fieldsപ്രമോദ് കോട്ടൂളി
കോഴിക്കോട്: കോഴിക്കോട് സി.പി.എം ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍. കോഴ ചെക്കായും പണമായും പ്രമോദ് വാങ്ങിയെന്നാണ് പാര്‍ട്ടി അന്വേഷണത്തിൽ കണ്ടെത്തിയത്. പി.എസ്.സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പ്രമോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 39 പേരും പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ടു. കോഴ വിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്. പ്രമോദ് ആദ്യം ചെക്കായും പിന്നീട് അത് തിരികെ നല്കി പണമായും തുക കൈപ്പറ്റിയതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. രണ്ട് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പാര്‍ട്ടി കണ്ടെത്തി. എന്നാൽ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് പ്രമോദിന്റെ തീരുമാനം. പുറത്താക്കിയത് അറിഞ്ഞയുടൻ പണം കൊടുത്തതാര്, ആർക്കെന്ന് പറയണം എന്നാവശ്യപ്പെട്ട പ്രമോദ് ആദ്യം അമ്മയേയും കൂട്ടി പരാതിക്കാരൻ ശ്രീജിത്തിന്റെ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ വീട്ടിലേക്കാണ് പോയത്. എന്തിനുവേണ്ടിയാണ് തനിക്ക് കോഴ മേൽവിലാസം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രമോദ് പരാതിക്കാരനുമായുള്ള ബന്ധവും പരസ്യമാക്കിയിട്ടുണ്ട്.
പ്രമോദ് കോട്ടൂളി ഉന്നയിച്ച ചോദ്യങ്ങൾ സി.പി.എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. പണം കൊടുത്തതാരെന്നും ആർക്കെന്നും നേതൃത്വം വ്യക്തമാക്കണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ചുള്ള പോസ്റ്ററുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തുകയും ചെയ്തതോടെ നടപടിയെടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാതിരുന്ന പാർട്ടി നേതൃത്വം പ്രതിരോധത്തിലായി. ആദ്യം പരാതി അന്വേഷിക്കുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്നീട് പരാതി ലഭിച്ചില്ലെന്ന് പറഞ്ഞിരുന്നു. ജില്ല സെക്രട്ടറി പി. മോഹനനും പി.എസ്.സിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങളോട് ആവർത്തിച്ചത്.
പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പ്രമോദ് കോട്ടൂളിയെ സംഘടന ഭരണഘടന അനുശാസിക്കുന്ന നടപടികൾ പൂർത്തിയാക്കിയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹനൻ, എന്ത് കാരണത്തിനാണ് പുറത്താക്കിയതെന്ന് വ്യക്തമാക്കാത്തതോടെ വിഷയം തീർന്നിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റായിരിക്കെ പ്രമോദ് രൂപവത്കരിച്ച ‘യുവധാര കോട്ടൂളി’യുമായി ചേർന്ന് പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗവും പ്രമോദിനെ പിന്തുണക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

