'മദ്യപൻമാരുടെ കമ്മിറ്റി'; സി.പി.എം ചേരാവള്ളി ലോക്കലിൽ ശുദ്ധികലശം, മൂന്ന് പേർക്കെതിരെ നടപടി
text_fieldsകായംകുളം: മദ്യപൻമാരുടെ കമ്മിറ്റിയെന്ന് സി.പി.എം ഏരിയ റിപ്പോർട്ടിൽ ഇടംപിടിച്ച ചേരാവള്ളി ലോക്കൽ കമ്മിറ്റിയിൽ ശുദ്ധികലശം തുടങ്ങി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ രാജിയും അംഗീകരിച്ചു. എച്ച്. കൊച്ചുമോൻ, വി.എസ്. അനിൽ, കെ. ഹരികുമാർ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഒഴിവാക്കിയത്.
ലോക്കൽ കമ്മിറ്റിയിലും മദ്യപിച്ച് എത്തുക പതിവായതോടെ ഇവർക്കെതിരെ വിമർശനം ശക്തമായിരുന്നു. ഇനിയും നടപടികളുണ്ടായില്ലെങ്കിൽ രാജിവെച്ച് പോകുമെന്ന വനിത അംഗങ്ങൾ അടക്കമുള്ളവരുടെ ഭീഷണിയെ തുടർന്നാണ് മൂന്ന് പേർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ ഒരാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ പാർട്ടി അന്വേഷണവും നടന്നുവരുന്നു.
ജില്ല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സംഘടന ചർച്ചയിൽ വിഷയത്തിൽ രൂക്ഷമായ പ്രതികരണം ഉയർന്നിരുന്നു. ഇതോടെയാണ് കടുത്ത നടപടിക്ക് നേതൃത്വം തയാറായത്. പാർട്ടി കമ്മിറ്റികൾ പിടിച്ചെടുക്കലിെൻറ ഭാഗമായുള്ള സ്വന്തക്കാരെ തിരുകി കയറ്റലാണ് ഇത്തരക്കാർ കമ്മിറ്റിയിൽ ഇടംപിടിക്കാൻ കാരണമായതെന്നായിരുന്നു ആക്ഷേപം.
കൂടാതെ പ്രവർത്തനത്തിൽ നിഷ്ക്രിയത്വം തുടർന്നതിന് വി. ദശപുത്രനെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. എസ്. സുമേഷ് കുമാറിനോട് വിശദീകരണവും തേടിയിട്ടുണ്ട്. ജോലി കാരണം മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയാതിരുന്ന കാരണത്താൽ സെക്രട്ടറിയായിരുന്ന ജി. അനിൽ സ്ഥാനം ഒഴിഞ്ഞു. പകരക്കാരിയായി പ്രസന്നക്കാണ് ചുമതല നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

