സി.പി.എം സ്ഥാനാർഥിക്ക് 20 വർഷം കഠിന തടവ്; ശിക്ഷ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ
text_fieldsകണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽ.ഡി.എഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ നിഷാദ്, വെള്ളൂർ ടി.സി.വി നന്ദകുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്.
ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ നിഷാദ്. 2012 ആഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടാപ്പകൽ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി. രണ്ടര ലക്ഷം രൂപ വീതം പിഴയും അടക്കണം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ പ്രശാന്തിന്റെതാണ് ശിക്ഷാവിധി.
കേസിൽ എ. മിഥുൻ, കെ.വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. പയ്യന്നൂർ എസ്.ഐ ആയിരുന്ന കെ.പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ എന്നിവ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസിൽ അഞ്ച് വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷാവിധി വരുന്നത് കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർഥിയെ പിൻവലിച്ചിരുന്നില്ല.
ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ് നിഷാദ്. ഇത്തവണ മൊട്ടമ്മൽ വാർഡിൽനിന്നാണ് മത്സരിക്കുന്നത്. പത്രിക നല്കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല. ഇവിടെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സി.പി.എം വെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിട്ടില്ല. നിഷാദിന് മത്സരിക്കാൻ തടസമുണ്ടായാൽ സ്ഥാനാർഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
വി.കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാൻ കോടതി വിധി തടസമാകും. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അറസ്റ്റിലായതിനെ തുടർന്നാണ് പയ്യന്നൂർ ടൗണിൽ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിഞ്ഞത്. ഐ.പി.സി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

