'ആശുപത്രി രേഖകൾ കാണിച്ചിട്ടും വിട്ടില്ല, എന്റെ കോളറിൽ കയറിപ്പിടിച്ചു, ഇതല്ല പാർട്ടി പഠിപ്പിച്ച സമരം'; നേതൃത്വത്തിന് പരാതി നൽകുമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനീഷ്
text_fieldsസമരക്കാർ കാർ തടയുന്നു, രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷ്
കാഞ്ഞങ്ങാട്: പൊതുപണിമുടക്ക് ദിവസം ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ സമരക്കാർ തടഞ്ഞ സി.പി.എം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി. അനീഷ് പാർട്ടി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. നേതൃത്വത്തിനെതിരെ പരാതി നൽകുമെന്നും ഇതല്ല പാർട്ടി പഠിപ്പിച്ച സമരരീതിയെന്നും അനീഷ് പറഞ്ഞു.
നാവിന് മുറിവേറ്റ നാലരവയസ്സുള്ള മകന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാഞ്ഞങ്ങാട് നഗരത്തിൽ വെച്ച് സമരക്കാർ തടഞ്ഞത്. ചികിത്സാരേഖകൾ കാണിച്ചിട്ടും വിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്നും വിടാൻ പറ്റില്ലെന്നും പറഞ്ഞ് ഒരാൾ കോളറിൽ കയറിപ്പിടിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരിക്കേണ്ടിവന്നു. പിന്നീട് സി.പി.എം പ്രാദേശിക നേതാവ് മഹ്മൂദ് മുറിയനാവി സ്ഥലത്തെത്തിയ ശേഷമാണ് അവർ വിട്ടതെന്നും അനീഷ് പറഞ്ഞു.
അനീഷിന്റെ സഹോദരന്‍ മുന്‍ മാക്കി ബ്രാഞ്ച് സെക്രട്ടറി കൂടിയായ പി. പ്രകാശനും പ്രകാശന്റെ ഭാര്യ ഹരിതയും അനീഷിന്റെ ഭാര്യ വിജന്യയും കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു. അടിയുറച്ച പാർട്ടി പ്രവർത്തകനാണ് താനെന്നും പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നും അനീഷ് വ്യക്തമാക്കി.
പണിമുടക്കുമായി സഹകരിക്കണമെന്ന് മൂന്നുമാസം മുന്‍പേ പറഞ്ഞതാണെന്നും അന്ന് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ നിര്‍ത്തിച്ച് ബോധ്യപ്പെടുത്തിയശേഷം വിടാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നും സി.ഐ.ടി.യു കാസര്‍കോട് ജില്ല പ്രസിഡന്റ് പി. മണിമോഹനന്‍ പറഞ്ഞു. ആശുപത്രിയില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ അനീഷിനെ വിട്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

