മട്ടന്നൂർ: പഴശ്ശിയിൽ സി.പി.എം കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷിെന (40) വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച രാത്രി ഒമ്പതോടെ സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോകവെ പഴശ്ശി വയലിൽ റോഡിൽവെച്ചാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്.
രാജേഷിെൻറ ബഹളംകേട്ട് ഓടിയെത്തിയ പരിസരവാസികൾ ആദ്യം ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിന് താഴെ മൂന്നിടത്ത് വെട്ടുകയും വടികൊണ്ട് കൈക്ക് അടിച്ചു പരിക്കേൽപിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം അക്രമികൾ ബൈക്കുമായി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് മട്ടന്നൂർ സി.ഐ കൃഷ്ണൻ, എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ സഞ്ചരിച്ച ബൈക്കുകൾ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ രാജേഷിെന എ.കെ.ജി ആശുപത്രിയിൽ സി.പി.എം ജില്ല സെക്രട്ടറി സന്ദർശിച്ചു.