‘പാലക്കാട്ടേത് സി.പി.എം-ബി.ജെ.പി സംയുക്ത മദ്യനിർമാണശാല; കമ്പനി ഉടമക്ക് യോഗി ആദിത്യനാഥുമായി ഉറ്റ ബന്ധം’
text_fieldsറിയാദ്: പാലക്കാട്ട് ആരംഭിക്കുന്നത് സി.പി.എം-ബി.ജെ.പി സംയുക്ത മദ്യനിർമാണശാലയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട്ട് അത് നിർമിക്കാൻ ലൈസൻസ് നേടിയ ഒയാസിസ് ബ്രൂവറീസ് ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് എന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞതെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ സന്ദീപ് വാര്യർ വ്യക്തമാക്കി.
ഈ മദ്യനിർമാണ കമ്പനിയുടെ ഉടമക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന്‍റെ എം.എൽ.എ ആയിരുന്നയാളുടെ കമ്പനിയാണ് ഇത്. മാത്രമല്ല എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിരവധി കേസുകളിൽ അന്വേഷണ വിധേയമാക്കുന്ന കമ്പനി കൂടിയാണ് ഒയാസിസ് ബ്രൂവറീസ്. മദ്യനിർമാണവുമായി ബന്ധപ്പെട്ട പല ക്രമക്കേടുകളും നടത്തിയതായി ആരോപണമുള്ള കമ്പനിയാണ്.
സന്ദീപ് വാര്യർക്കൊപ്പം ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ ബാഹസൻ, ശിഹാബ് കരിമ്പാറ, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, മൊയ്‌ദു മണ്ണാർക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ
ജല മലിനീകരണത്തിെൻറ പേരിൽ നടപടി നേരിട്ട കമ്പനിയാണ്. അത്തരമൊരു കമ്പനിയെയാണ് പാലക്കാട്ട് മദ്യനിർമാണം ഏൽപിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്. ഈ കമ്പനിയെ തന്നെ ഇതേൽപിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുള്ളത് സ്വാഭാവികമായും സംശയിക്കപ്പെടാവുന്നതാണ്. പ്രത്യേകിച്ചും ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള, ഉത്തർപ്രദേശിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ഒരു കമ്പനി തന്നെയാണ് ഒയാസിസ് ബ്രൂവറീസ്. ഇതിന് പുറകിൽ നടന്നിട്ടുള്ള ഇടപാടുകൾ എന്താണ്, നാടകങ്ങൾ എന്താണ് എന്ന് പരിശോധന വേണ്ടതാണ്.
സർക്കാരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത്. എന്തുകൊണ്ട് ഈ കമ്പനിക്ക് അംഗീകാരം കൊടുത്തത്. പ്രത്യേകിച്ച് കൊക്കോകോളയും പെപ്സിയും ജലചൂഷണം നടത്തിയതിന്‍റെ പേരിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന പാലക്കാട്ട് ജലചൂഷണം നടത്തിയതിന്‍റെ പേരിൽ നിയമനടപടി നേരിടുന്ന ഒരു കമ്പനിയെ തന്നെ കൊണ്ടുവരുന്നതിന് പിന്നിലുള്ള ബി.ജെ.പി, സി.പി.എം അജണ്ട എന്താണ്, അത് കൂടി വ്യക്തമാക്കേണ്ടത് സർക്കാരാണ്. കേരളം ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്നത് സി.ജെ.പിയാണ്. കേരളത്തിൽ ഇതുപോലെ ഒരു കൂട്ടുകൃഷികൾ നടക്കുന്നുണ്ട്. അതിനെയെല്ലാം വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. ബ്രൂവറീസ് ഇടപാട് അതിന്റെ തുടക്കമാവുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
കോൺഗ്രസിലേക്ക് വന്നത് ഒരു ഉപാധിയും വെച്ചല്ല. ഏതെങ്കിലും പദവി ആഗ്രഹിച്ചു വന്നതല്ല. മാനസികമായി വലിയ സന്തോഷവും ആശ്വാസവും മലയാളി പൊതുസമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യതയും ലഭിക്കുന്നു എന്നത് തന്നെയാണ് വലിയ കാര്യം. അതേ ഞാനാഗ്രഹിക്കുന്നുള്ളൂ. പാർട്ടി എന്ത് പറയുന്നുവോ അത് ചെയ്യുന്ന ഒരു പ്രവർത്തകനായി കോൺഗ്രസിൽ തുടരുമെന്ന് സന്ദീപ് പറഞ്ഞു.
നാനാജാതി മതസ്ഥരായിട്ടുള്ള ആളുകളും കോൺഗ്രസല്ലാത്ത, മറ്റ് രാഷ്ട്രീയ പാർട്ടികളിലുള്ളവർ വരെ തന്റെ ഈ മാറ്റത്തെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നുണ്ട്. സാഹോദര്യം ആഗ്രഹിക്കുന്ന, കേരളം നിലനിൽക്കണം എന്നഗ്രഹിക്കുന്ന മലയാളി സമൂഹത്തിന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സി.പി.എം ചേരിയിലുള്ളവർ പോലും ഈ തീരുമാനത്തിന്റെ പേരിൽ ചേർത്തു പിടിക്കുന്നുണ്ട്. ബി.ജെ.പിയിലുള്ള ചിലർ അതിനുള്ളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തന്നോട് പറയാറുണ്ട്. താനെടുത്ത തീരുമാനം ശരിയായിരുന്നെന്ന് ഇന്നു പോലും പറഞ്ഞവരുണ്ട്.
ഒരു സാദാ മലയാളി യുവാവായിട്ട് ജോലിക്കായാണ് ആദ്യമായി സൗദിയിലേക്ക് വന്നത്. 2006 വരെ റിയാദിൽ ജീവിച്ചു. ഈ വരവിൽ റിയാദിലെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് ആ പഴയ ഓർമകൾ വീണ്ടെടുക്കണമെന്നുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് സന്ദീപ് വാര്യർ റിയാദിലെത്തിയത്. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ ബാഹസൻ, ശിഹാബ് കരിമ്പാറ, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, മൊയ്‌ദു മണ്ണാർക്കാട് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

