കോൺഗ്രസ് പോരിൽ കക്ഷിചേർന്ന് സി.പി.എം; സതീശന് കൊട്ട്, സണ്ണിക്ക് സപ്പോർട്ട്
text_fieldsതിരുവനന്തപുരം: മന്ത്രിസഭയിലുണ്ടായ തർക്കങ്ങളെ ആളിക്കത്തിക്കൽ ലക്ഷ്യമിട്ട് വി.ഡി. സതീശനെതിരെ തുറന്നടിച്ചും സണ്ണി ജോസഫിനെ തലോടിയും വിവാദത്തിൽ കക്ഷിചേർന്ന് സി.പി.എം. മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാറില്ലെന്ന കീഴ്വഴക്കം മാറ്റിവെച്ചാണ് സതീശനെ ഉന്നമിട്ട് സി.പി.എം നീക്കം. ശനിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തന്ത്രപരമായ സമീപനത്തിന് ധാരണയായത്.
ഇതാകട്ടെ, പിന്നാലെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രകടവുമായി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പവർഗ്രൂപ്പാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മറ്റ് മന്ത്രിമാരെല്ലാം അതൃപ്തരാണെന്നും പാർട്ടി സെക്രട്ടറി തുറന്നു പറഞ്ഞു. ‘വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫിനും മന്ത്രി എ.പി. അനിൽകുമാറിനുമെതിരെ വലിയതോതിലുള്ള സൈബർ ആക്രമണമാണ് വി.ഡി. സതീശൻ ടീം നടത്തുന്നത്. താൻ സ്ഥാനമൊഴിയുന്നു എന്ന് ആറുമാസം കൊണ്ട് തന്നെ യു.ഡി.എഫ് കൺവീനർ പറയുന്ന അവസ്ഥയിലേക്കെത്തി. ഈ പവർ ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അസംതൃപ്തരാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള മറ്റു നേതാക്കളെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നു.
സതീശനെതിരെ കോൺഗ്രസിലുയരുന്ന വിമർശനങ്ങൾ തങ്ങളും ഏറ്റുപറയുന്നത് വഴി നിലപാടിന് പൊതുസ്വീകാര്യത കിട്ടുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. പാർട്ടി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിനെ വിമർശിക്കാതെ, അദ്ദേഹത്തിന്റെ ആശങ്കകളെ ശരിവെക്കുന്ന തരത്തിലുള്ള സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
സൈബർ ആക്രമണ വിഷയത്തിൽ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനും അനുകൂലമെന്ന പ്രതീതി സൃഷ്ടിക്കുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ സഹതാപത്തെ സതീശനെതിരെ തിരിച്ചുവിടാനുള്ള ഉപാധിയായാണ് സി.പി.എം കാണുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ ശൈലിക്കെതിരെ ഉണ്ടായ വിമർശനങ്ങളാണ് ഇക്കാര്യത്തിലെ ഇന്ധനം.
കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കിടയിലുള്ള ഭിന്നത പരമാവധി മുതലെടുത്ത്, യു.ഡി.എഫിന്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കുക എന്നതാണ് ലക്ഷ്യം. പ്രതിപക്ഷ കടന്നാക്രമണങ്ങളെ പ്രതിരോധിക്കേണ്ട കെ.പി.സി.സിയുടെ അധ്യക്ഷൻ തന്നെ മുറിവേറ്റ് നിൽക്കുന്ന സാഹചര്യമാണ് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതും.
വരും ദിവസങ്ങളിൽ നടക്കുന്ന പാർട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ‘ഏകാധിപത്യ ശൈലി’ ചർച്ചയാക്കാനാണ് സി.പി.എം തീരുമാനം.
അതേസമയം, കോൺഗ്രസിലെ ആഭ്യന്തര വിവാദങ്ങളിൽ പ്രത്യക്ഷത്തിൽ തന്നെ സി.പി.എം മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത് തങ്ങൾക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുകയെന്നാണ് ഒരു സതീശൻ പക്ഷത്തെ നേതാവ് പ്രതികരിച്ചത്.

