'ഞാന്‍ സി.പി.എം ഏരിയ സെക്രട്ടറിയാണ്.., ഡി.വൈ.എഫ്.ഐക്കാരെ വിട്ടയക്കണം, അല്ലെങ്കിൽ ഞാൻ ആരാണെന്നറിയും'; മാന്നാർ എസ്.ഐയെ സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയെന്ന്, എസ്.ഐ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് ഏരിയ സെക്രട്ടറി
text_fieldsചെങ്ങന്നൂർ : കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐക്കാരെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ഏരിയ സെക്രട്ടറി എസ്.ഐയെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി പരാതി. പൊലീസുമായി ഏരിയ സെക്രട്ടറി തർക്കിക്കുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
'ഞാന്‍ സി.പി.എം ഏരിയ സെക്രട്ടറിയാണ്, ഡി.വൈ.എഫ്. ഐക്കാരെ വിട്ടയക്കണം, അല്ലെങ്കിൽ ഞാൻ ആരാണെന്ന് അറിയും' എന്നായിരുന്നു മാന്നാർ എസ്.ഐക്ക് നേരെയുള്ള പി.എന്‍.ശെല്‍വരാജന്റെ ഭീഷണി. അതേ സമയം, എസ്.ഐ മോശം വാക്കുകൾ ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് സി.പി.എം ഏരിയ സെക്രട്ടറിയും ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ട്രാഫിക് ജങ്ഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് ഗതാഗത തടസമുണ്ടാക്കിയെന്ന് കാണിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്. അരുൺ കൃഷ്ണ, അരുൺ മുരുകൻ, ജില്ല കമ്മിറ്റി അംഗം ബിജോ, രൺവീർ, എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി ഷാരോൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വിവരം അറിഞ്ഞ് നിരവധി തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നാണ് സി.പി.എം ഏരിയ സെക്രട്ടറി പറയുന്നത്. തുടർന്ന് സ്റ്റേഷനിലെത്തി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കേസ് ചാര്‍ജ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാമെന്ന നിലപാടായിരുന്നു എസ്.ഐയുടെത്. ഇതോടെ നിലപാടിനെ ചൊല്ലി എസ്.ഐയും ഏരിയ സെക്രട്ടറിയും സ്റ്റേഷനിൽ കലഹിക്കുകയായിരുന്നു.
വിട്ടയക്കണമെന്ന ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ താൻ സി.പി.എം ഏരിയ സെക്രട്ടറിയാണെന്നും വിട്ടയച്ചില്ലെങ്കില്‍ കാണിച്ചു തരാമെന്ന ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് കേസെടുത്ത ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.
സമാധനപരമായ രീതിയില്‍ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്ത മാന്നാര്‍ എസ്.ഐയുടെ നിലപാട് ധിക്കാരപരമെന്ന് സി.പി.എം മാന്നാര്‍ ഏരിയ കമ്മിറ്റി പറഞ്ഞു.
എസ്.ഐ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്നും ഇത് വീഡിയോയാക്കി സമൂഹമാധ്യമങ്ങളില്‍ പൊലീസ് പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഏരിയ സെക്രട്ടറി പി.എന്‍.ശെല്‍വരാജന്‍ പറഞ്ഞു. മാന്നാറിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഉദ്യോഗസ്ഥനായി എസ്.ഐ മാറിയെന്നും മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

