എസ്.ഐ.ആറിനെതിരെ ഒറ്റക്കെട്ട്; എതിർപ്പറിയിച്ച് സി.പി.എമ്മും കോൺഗ്രസും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ എതിർപ്പറിയിച്ച് കേരളത്തിലെ പ്രധാന പാർട്ടികൾ രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗത്തിൽ എസ്.ഐ.ആറിനെ എതിർത്ത് സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. ഈ മാസം 29ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും.
സംസ്ഥാനത്ത് ബിഹാർ മാതൃക നടപ്പാക്കാൻ ആകില്ലെന്ന് സി.പി.എം പ്രതിനിധി എം.വി ജയരാജൻ വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവർ പോലും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണം എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും 2002ലെ വോട്ടർ പട്ടികക്ക് പകരം 2024ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നായിരുന്നു കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥിന്റെ ഭാഗം. നിലവിൽ വോട്ട് ചെയ്യുന്ന വോട്ടർമാർ വീണ്ടും ഇത്തരം നടപടികളിലൂടെ പോകണമെന്നത് അനീതിയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുന്നതിന് മുമ്പ് അഞ്ച് ജില്ലകളിൽ ജില്ലാ കലക്ടർമാർ യോഗം നടത്തിയതിലും വിമർശനമുയർന്നു. ഇരട്ട വോട്ട് ചേർത്തെന്ന ആരോപണത്തിന് പരിഹാരം എസ്.ഐ.ആർ ആണെന്നായിരുന്നു യോഗത്തിലുയർന്ന ആശങ്കകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ മറുപടി.
അതേസമയം എസ്‌ഐആറിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. വോട്ടർ പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കുന്നില്ലെന്നും യോഗ്യത ഇല്ലാത്തവർ പട്ടികയിൽ വരാൻ പാടില്ലെന്നും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. പൗരത്വം നിർബന്ധമാക്കണം, കുടിയേറ്റക്കാർ എന്ന നിർവചനം കൃത്യമാക്കണം എന്നീ ആവശ്യങ്ങളും ബി.ജെ.പി യോഗത്തിൽ ഉന്നയിച്ചു.
ബീഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ ഉത്തരവിന്റെ ചുവടുപിടിച്ചാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. അനർഹരെ ഒഴിവാക്കിയുള്ള വോട്ടർപട്ടികയാണ് എസ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നത്. ബീഹാറിൽ അർഹരായ ലക്ഷക്കണക്കിന് വോട്ടർപട്ടികയിൽനിന്ന് പുറത്തായതാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

