‘ബി.ജെ.പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. വി.ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം’; രത്തൻ ഖേൽക്കറിന്‍റെ നിയമനത്തെ വിമർശിച്ച് സി.പി.എമ്മും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിനെ വിമർശിച്ച് സി.പി.എമ്മും ബി.ജെ.പിയും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിനു വേണ്ടി കമീഷന്‍ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ അതേ തരത്തിലുള്ള നിയമനം നടന്നതെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് കുറ്റപ്പെടുത്തി. വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് വി.കെ. സനോജ് എം.എൽ.എയും ആവശ്യപ്പെട്ടു. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പരിഹസിച്ചു. നേരത്തെ, മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു.
‘തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ചുകൊണ്ട് ഒരു കൊള്ള നടത്തി, ആ വലിയ കൊള്ളക്കുള്ള വലിയ അംഗീകാരമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതേ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫിസിലെ സെക്രട്ടറിയായിത്തന്നെ നിയമിച്ചിരിക്കുന്നു. ഈ പ്രവണത സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ കൂടി പ്രസ്താവന നിലനിൽക്കുന്ന ഘട്ടത്തിൽ, ഗൗരവമായ സംഗതിയാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തന്നെ ഇതിനെക്കുറിച്ച് വ്യക്തത നൽകേണ്ടതുണ്ട്. അവർ ബംഗാളിൽ എടുത്ത നിലപാട് തന്നെയാണോ കേരളത്തിലും എടുക്കുക എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം’ -പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലാണ് വി.കെ. സനോജ് വിമർശിച്ചത്. ‘കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും. പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ മനോജ് അഗർവാൾ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോൾ രാഹുൽ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു. ഇപ്പോൾ കേരളത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനാകുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ്? ഇലക്ഷൻ കമ്മീഷന്റെ ഡോക്കുമെന്റിൽ ബിജെപിയുടെ സീൽ പതിച്ച വിവാദ വിഷയത്തിൽ ന്യായം പറഞ്ഞയാൾ എന്ത് കള്ളം ചെയ്ത് തന്നതിന് കൊടുത്ത റിവാർഡാണ് ഈ സെക്രട്ടറി പദവിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. യുഡിഎഫുകാർ ഇലക്ഷൻ കാലത്ത് ഡീൽ ആരോപണം ഉയർത്തിയതും, ലീഗുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോൾ മലയാളികൾ മനസ്സിലാക്കുന്നുണ്ട്’ -സനോജ് കുറിപ്പിൽ പറയുന്നു.
‘ബംഗാളിൽ ബി.ജെ.പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ ശ്രീ. വി.ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം.... ’-കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ചുമതല വഹിച്ചുവരവെയാണ് രത്തൻ ഖേൽക്കറിന്‍റെ പുതിയ തസ്തികയിലേക്കുള്ള നിയമനം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. 2003 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഖേൽക്കർ കർണാടക സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

