Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടുവിൽ ‘തീവ്രത കൂടി’: പി.കെ. ശശിക്കെതിരായ നടപടിക്ക് പിന്നിൽ ഫണ്ട് തിരിമറി; കെ.ടി.ഡി.സി ചെയര്‍മാൻ സ്ഥാനവും തെറിച്ചേക്കും

text_fields
bookmark_border
ഒടുവിൽ ‘തീവ്രത കൂടി’: പി.കെ. ശശിക്കെതിരായ നടപടിക്ക് പിന്നിൽ ഫണ്ട് തിരിമറി; കെ.ടി.ഡി.സി ചെയര്‍മാൻ സ്ഥാനവും തെറിച്ചേക്കും
cancel

പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ കടുത്ത നടപടിക്ക് പാർട്ടിയെ പ്രേരിപ്പിച്ചത് കോടികളുടെ ഇടപാട്.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തി, സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് സമാഹരിച്ച തുക ദുര്‍വിനിയോഗം നടത്തി എന്നീ പരാതികളാണ് പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്നത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിന് വേണ്ടി സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇത് ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള പരാതിയിലാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. കെ.ടി.ഡി.സി ചെയര്‍മാൻ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കിയേക്കും. സഹകരണ സ്ഥാപനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും ശശിക്കെതിരെ ആക്ഷപം ഉയര്‍ന്നിരുന്നു.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ശശിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. വിഭാഗീയ പ്രവര്‍ത്തനങ്ങളും തമ്മിലടിയും രൂക്ഷമായ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്കാണ് ഏരിയ കമ്മിറ്റിയുടെ താൽക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന- ജില്ല നേതൃത്വങ്ങള്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിരുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ 2023 ഫെബ്രുവരിയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശനും ആനാവൂർ നാഗപ്പനും അടങ്ങിയ കമീഷനെ ജില്ല കമ്മിറ്റി നിയോഗിച്ചത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ നേരിട്ടെത്തി അന്വേഷണം നടത്താനായിരുന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദേശം.

​​നേരത്തെ, ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ പി.കെ. ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പി.കെ ശശി അപമര്യാദയായി പെരുമാറുന്നു​െവന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. സംസ്ഥാന നേതൃത്വം പരാതി പരിഗണിക്കാതിരുന്നതോടെ യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും വാക്കാലുള്ള ‘തീവ്രത കുറഞ്ഞ’ പീഡനമാണ് നടന്നെതെന്നുമായിരുന്നു പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ കണ്ടെത്തൽ. അന്ന് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ ശശിയെ കമീഷൻ ശുപാർശ പ്രകാരം 2019 നവംബർ 26 നാണ് സിപിഎം സസ്പെൻഡ് ചെയ്തത്. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ. സസ്പെൻഷൻ കാലാവധിക്ക് ശേഷം ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയും 2021ൽ കെ.ടി.ഡി.സി ചെയർമാനായി അവരോധിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM action against ktdc chairman pk sasi
Next Story