ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; സി.പി.എം പ്രവര്‍ത്തകര്‍ക്ക് 16 വർഷം തടവും പിഴയും
text_fieldsതലശ്ശേരി: രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരായ സഹോദരങ്ങളെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 16 വർഷവും മൂന്ന് മാസവും തടവും 3,80,000 രൂപ പിഴയും. മൊകേരി മുത്താറിപ്പീടിക സ്വദേശികളായ കുട്ട്യാറ്റൂര്‍ ഹൗസില്‍ കെ. ദിബിന്‍ (36), കല്ലുവച്ചപറമ്പത്ത് വീട്ടിൽ കെ. ഷെറിന്‍ (36), മൊകേരി പാത്തിപ്പാലത്തെ നടേമ്മല്‍ ഹൗസില്‍ എന്‍.കെ. നിഗില്‍ (32), മൊകേരി കൂരാറ കടേപ്രം സ്വദേശികളായ പൊയില്‍ ഹൗസില്‍ പി. ഷാജിത്ത് (40), പൂക്കണ്ടി പറമ്പത്ത് വീട്ടിൽ പി.കെ. സൂരജ് (39) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (നാല്) ജഡ്ജ് കെ. രാജേഷ് ശിക്ഷിച്ചത്.
വെളളിയാഴ്ച കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് തിങ്കളാഴ്ച വൈകീട്ടാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്നും ആക്രമണത്തിൽ പരിക്ക് പറ്റിയ സഹോദരങ്ങൾക്ക് ലക്ഷം രൂപ വീതവും 25,000 രൂപ വീട്ടുടമക്കും നഷ്ടപരിഹാരം നൽകണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2018 ഫെബ്രുവരി 11ന് പുലര്‍ച്ച ഒന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മൊകേരി പാത്തിപ്പാലം മൃഗാശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരായ കുന്നോത്ത് വീട്ടില്‍ റിജിന്‍, സഹോദരന്‍ റിജേഷ് എന്നിവരെയാണ് ആക്രമിച്ചത്. രാത്രിയില്‍ ഇവരെ വിളിച്ചുണര്‍ത്തിയ ശേഷം വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. രേഷ്മയും ആക്രമണത്തിന് ഇരയായ റിജില്‍, റിജേഷ് എന്നിവര്‍ക്ക് വേണ്ടി അഭിഭാഷകനായ പി. പ്രേമരാജനും ഹാജരായി. ശിക്ഷാവിധിക്ക് ശേഷം പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

