ശശിക്കെതിരായ പരാതിയിൽ സി.പി.എം നടപടി ഇന്നറിയാം
text_fieldsതിരുവനന്തപുരം: ഡി.വൈ.എഫ്.െഎ പാലക്കാട് ജില്ല കമ്മിറ്റിയംഗമായ യുവതി പി.കെ. ശശി എം.എൽ.എക്കെതിരെ സി.പി.എം നേതൃത്വത്തിന് നൽകിയ ലൈംഗിക പീഡനപരാതിയിൽ നടപടി തിങ്കളാഴ്ച അറിയാം. പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് പരിഗണിക്കാൻ സംസ്ഥാന സമിതി ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രേട്ടറിയറ്റ് റിപ്പോർട്ട് പരിഗണിക്കും. ശശിക്ക് വീഴ്ച ഉണ്ടായെന്ന നിഗമനത്തിൽ കമീഷൻ എത്തിയെന്നാണ് സൂചന.
പാലക്കാട് ജില്ല ഘടകത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെച്ച് ചൂണ്ടിക്കാട്ടി ശശിയും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയും അന്വേഷിച്ച കമീഷൻ, ശശിയുടെ പരാതിയിലും കഴമ്പുണ്ടെന്ന നിലപാടിലാണത്രേ. ശശിയുടെ പെരുമാറ്റത്തിലെ വീഴ്ചയുടെ ഗൗരവം കമീഷൻ ചൂണ്ടിക്കാണിക്കുന്നതനുസരിച്ചാവും നേതൃത്വം ശിക്ഷ തീരുമാനിക്കുക.
ശശിയെ ഷൊർണൂർ മണ്ഡലത്തിൽ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചത് അദ്ദേഹത്തോടുള്ള നേതൃത്വത്തിെൻറ മൃദുസമീപനമായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ പാർട്ടിക്ക് എം.എൽ.എമാരുള്ള മണ്ഡലങ്ങളിൽ അവർ തന്നെ ജാഥ നയിക്കണമെന്നത് നേതൃത്വത്തിെൻറ തീരുമാനമാണെന്നും മറിച്ചൊരു വ്യാഖ്യാനത്തിൽ കാര്യമില്ലെന്നും പാർട്ടി നേതാക്കൾ പറയുന്നു.
