സി. ദാവൂദിന്‍റെ കൈവെട്ടുമെന്ന സി.പി.എം മുദ്രാവാക്യം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള വധഭീഷണി -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ വണ്ടൂരിൽ സി.പി.എം നടത്തിയ കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കൈയേറ്റമാണിത്. കൈവെട്ട് കൊലവിളിയെ ശക്തമായി അപലപിക്കുന്നു. സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് എം. സ്വരാജ് അടക്കമുള്ള സി.പി.എം നേതാക്കളും സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും സി.പി.എം അനുഭാവമുള്ള ചില മാധ്യമങ്ങളും എല്ലാ പരിധികളും ലംഘിച്ചാണ് സി. ദാവൂദിനെയും അദ്ദേഹം ജോലി ചെയ്യുന്ന മാധ്യമസ്ഥാപനത്തേയും കടന്നാക്രമിക്കുന്നത്. സാമൂഹിക രാഷ്ട്രീയ വിമർശനം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ്. അതില്ലെങ്കിൽ പിന്നെ മാധ്യമപ്രവർത്തനത്തിന് നിലനിൽപ്പില്ല. തങ്ങൾക്കെതിരായ വിമർശനം ഒരു നിലക്കും അനുവദിക്കില്ലെന്നാണ് കൈവെട്ട് ഭീഷണിയിലൂടെ സി.പി.എം വിളിച്ചു പറയുന്നത്. ഇത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ചേർന്ന നിലപാടല്ല.
മാധ്യമവിമർശനങ്ങളെ ഉയർന്ന ജനാധിപത്യ ബോധത്തിലും സംവാദാത്മകമായ രാഷ്ട്രീയ നിലവാരത്തിലും സമീപിക്കേണ്ടതിന് പകരം തെരുവിൽ കൈവെട്ട് ഭീഷണി ഉയർത്തുന്നത് കേരളം അംഗീകരിച്ചുതരില്ല. ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾ അടക്കമുള്ള പ്രവർത്തകരാണ് വണ്ടൂരിൽ കൊലവിളി നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ തോൽവികളിൽ നിന്നും തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊള്ളുന്നതിന് പകരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് സമീപനം സ്വീകരിക്കുന്നത് അപക്വവും പരിഹാസ്യവുമാണ്. സി.പി.എമ്മിന്റെ കൈവെട്ട് ഭീഷണിക്കെതിരെ മാധ്യമപ്രവർത്തകൻ സി. ദാവൂദിന് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

