‘എസ്.എഫ്.ഐ കൊന്നതാണ്’ ബോർഡുമായി കെ.എസ്.യു; സിദ്ധാർഥന്‍റെ വീടിന് മുന്നിലെ സി.പി.എമ്മിന്‍റെ ബോർഡ് മാറ്റി
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായി ജീവനൊടുക്കിയ സിദ്ധാർഥന്‍റെ വീടിന് മുന്നിൽ സി.പി.എം സ്ഥാപിച്ച ബോർഡ് സി.പി.എം തന്നെ എടുത്തു മാറ്റി. എസ്.എഫ്.ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചിരുന്നത്.
ഇതിനെതിരെ സിദ്ധാർഥന്‍റെ കുടുംബം രംഗത്തുവന്നിരുന്നു. തന്‍റെ മകൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ലെന്നും തങ്ങളെ അവഹേളിക്കുന്നതാണ് ബോർഡെന്ന് സിദ്ധാർഥന്‍റെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. നാട്ടുകാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം, ‘എസ്.എഫ്.ഐ കൊന്നതാണ്’ എന്ന ബോർഡ് കെ.എസ്.യു ഇന്ന് സിദ്ധാർഥന്‍റെ വീടിന് മുന്നിൽ സ്ഥാപിച്ചു.
കൂടാതെ, കേസിലെ പ്രതികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കേസിൽ നാലു വിദ്യാർത്ഥികൾക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കുവേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ്. ഏഴു പേരാണ് കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്നത്. 18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്. പ്രതിചേർത്ത 18 പേരെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

