ലോക്സഭ തെരഞ്ഞെടുപ്പിെനാരുങ്ങാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന സംവിധാനം സജ്ജമാക്കാനുള്ള കരട് പദ്ധതികൾക്ക് രൂപം നൽകി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നതോടെയാണ് സി.പി.എമ്മും സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നത്. പിണറായി വിജയൻ സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ മുൻനിർത്തിയുള്ള പ്രചാരണത്തിനൊപ്പം കീഴ്ഘടകങ്ങളെ സജീവമാക്കാൻ പലതട്ടിലുള്ള പരിപാടികൾക്കാണ് രൂപം നൽകുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന മൂന്നു ദിവസത്തെ സംസ്ഥാന സമിതി ഇതിന് അന്തിമരൂപം നൽകും.
കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി സംഘടിപ്പിക്കേണ്ട പ്രചാരണ പരിപാടിയും യോഗം തീരുമാനിക്കും. സെപ്റ്റംബർ 14 മുതൽ 24 വരെയാണ് പ്രചാരണ പരിപാടികൾ. വിവിധ ജില്ലകളിൽ നടക്കുന്ന പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനത്തോടെയാണ് അവസാനിക്കുക.
ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സമിതി അവസാനിക്കുന്ന വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് സൂചന. തൽക്കാലം നാഗപ്പൻ തന്നെ തുടരട്ടെ എന്ന അഭിപ്രായം നേതൃത്വത്തിലുണ്ട്. കർക്കടക വാവ് സംബന്ധിച്ച പി. ജയരാജന്‍റെ വിവാദ പ്രസ്താവനയിൽ സംസ്ഥാന സമിതിയിൽ ചർച്ച ഉയർന്നാൽ നേതൃത്വത്തിന് നിലപാട് പരസ്യമാക്കേണ്ടിവരും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം തന്റെ നിലപാടിൽ അയവ് വരുത്തിയെങ്കിലും പൂർണമായി തള്ളാൻ ജയരാജൻ തയാറായിട്ടില്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് തൃശൂർ ജില്ല ഘടകത്തിലെ വിഷയവും സംസ്ഥാന സമിതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

