ഗവർണറുടേത് ‘രാഷ്ട്രീയ നീക്കം’, ചോദ്യമുനയിൽ സി.പി.എം
text_fieldsതിരുവനന്തപുരം: ഇടതുഭരണകാലത്ത് ഭരണഘടന സ്ഥാപനത്തിൽ പോലും സുതാര്യതയില്ലായ്മയും ക്രമവിരുദ്ധ പ്രവർത്തനങ്ങളും നടന്നുവെന്നത് ഗവർണർ തന്നെ സ്ഥാപിക്കുന്നുവെന്നതാണ് ‘രാഷ്ട്രപതിക്കുള്ള ശിപാർശ’യിൽ സി.പി.എമ്മിനെ പൊള്ളിക്കുന്ന രാഷ്ട്രീയ ഘടകം. ഇടതുസർക്കാർ നിയമിച്ച കമീഷനെ ഒന്നാകെ മാറ്റണമെന്ന ഗവർണറുടെ ആവശ്യം സംസ്ഥാന ഭരണ ചരിത്രത്തിലെ സമാനതകളില്ലാത്തതാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്രയമായ പി.എസ്.സിയുടെ കാര്യത്തിൽ ചെയർമാനിലും അംഗങ്ങളിലും ഗവർണർ തന്നെ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്നതാണ് ഫലത്തിൽ സംഭവിച്ചത്. ഗവർണറുടെ നീക്കത്തിലെ നിയമപരമായ സാധുതകളിൽ സംശയമുയരാമെങ്കിലും ഈ ശിപാർശ സൃഷ്ടിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് സി.പി.എമ്മിന് വേഗം തലയൂരാനാകില്ല.
പാർട്ടിയുമായി ബന്ധമുള്ളയാളെ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിൽ വഴിവിട്ട് നിയമിച്ചതിൽ വീഴ്ച സമ്മതിക്കുകയും അർഹനായ ഉദ്യോഗാർഥിക്ക് നിയമനം നൽകാൻ പി.എസ്.സി തയാറാവുകയും ചെയ്ത പശ്ചാത്തലമുണ്ട്. ഒപ്പം പരീക്ഷ ക്രമക്കേടിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ പരീക്ഷകളെ കുറിച്ച് ആക്ഷേപമുയരുകയും ചെയ്ത സാഹചര്യവും മുന്നിലുണ്ട്. ഇക്കാര്യങ്ങൾ സി.പി.എമ്മിനെ ഉത്തരംമുട്ടിക്കുന്നുവെന്നതാണ് ഗവർണറുടെ നടപടിയെ ഭരണഘടനാപരം എന്നതിനപ്പുറം രാഷ്ട്രീയമായി പ്രസക്തമാക്കുന്നത്.
അതേസമയം ഗവർണറുടെ നീക്കം സംഘപരിവാർ അജണ്ടയാണെന്ന വാദമുയർത്തിയും സർക്കാരിന്‍റെ നിലപാടാരാഞ്ഞും വിഷയം രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ശ്രമം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളുടെ സിൻഡിക്കേറ്റ്, സെനറ്റ്, വി.സി നിയമനങ്ങളിലും ഗവർണർമാർ ഇടപെടുകയും സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാൻ ശ്രമിക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഈ സംഭവത്തെയും എൽ.ഡി.എഫ് വിലയിരുത്തുന്നത്.
ആർലേക്കറുടെ കത്ത് ഭരണഘടന വിരുദ്ധം -എം.വി. ഗോവിന്ദൻ
കണ്ണൂർ: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കത്തുനൽകിയത് ഭരണഘടന വിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം പി.എസ്.സി അംഗങ്ങൾ തെറ്റു ചെയ്തെങ്കിൽ പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണെന്നും കോടതി നിർദേശമനുസരിച്ചേ രാഷ്ട്രപതിയോട് ശിപാർശ ചെയ്യാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പി.എസ്.സിക്കെതിരെ നിലവിൽ സുപ്രീംകോടതിയിൽ ഒരുഹരജിയുമില്ല. എന്നിരിക്കെ, ഗവർണറെ ഉപയോഗിച്ച് പി.എസ്.സിയെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ കത്തിനോടുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർ കത്തുനൽകിയതെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -സി.പി.എം
തിരുവനന്തപുരം: പി.എസ്.സിയെ പിരിച്ചുവിടാന്‍ രാഷ്‌ട്രപതിക്ക് ശിപാര്‍ശ നല്‍കിയ ഗവര്‍ണറുടെ നടപടിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പി.എസ്.സിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഫയലുകളോ വിവരങ്ങളോ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നടപടികളോട് ദേശീയതലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് അറിയാന്‍ ജനത്തിന് താല്‍പര്യമുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടന കാറ്റില്‍ പറത്തുന്ന ഗവർണറുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഭരണഘടന സ്ഥാപനത്തെ ആകെ തകര്‍ക്കാനാണ് സംഘ്പരിവാര്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി ശ്രമിക്കുന്നത് -സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

