ഒരു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു, അധിക്ഷേപം സഹിക്കാതെ അദ്ദേഹം വേദിവിട്ടു -സി.പി.എം നേതാവ് സുരേഷ് കുറുപ്പ്
text_fieldsതിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ വീണ്ടും വെളിപ്പെടുത്തൽ. സി.പി.എം നേതാവ് സുരേഷ് കുറുപ്പാണ് തന്‍റെ ഓർമ്മക്കുറിപ്പിൽ വി.എസിനെതിരായ കാപിറ്റൽ പണിഷ്മെന്റ് പ്രസംഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
മാതൃഭൂമി ദിനപത്രത്തിലെ അനുസ്മരണ ലേഖനത്തിൽ 1960കളുടെ അവസാനം വി.എസിനെ ആദ്യം കാണുന്നത് മുതലുള്ള ഓർമ്മകളാണ് സുരേഷ് കുറുപ്പ് പങ്കുവെക്കുന്നത്. ഇതിൽ ആലപ്പുഴ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് സുരേഷ് കുറുപ്പ് എഴുതുന്നു: അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല.
തനിക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ അദ്ദേഹം തുറന്ന പോരാട്ടത്തിനിറങ്ങി. മത്സരിച്ചു. ജയിച്ചു. മുഖ്യമന്ത്രിയായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവമില്ല. ഇനി ഉണ്ടാവുകയുമില്ല എന്നും സുരേഷ് കുറുപ്പ് എഴുതുന്നു.
വി.എസിന്‍റെ നിര്യാണത്തിന് പിന്നാലെ, അദ്ദേഹത്തിന് ‘കാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് സംസ്ഥാന സമ്മേളനത്തിൽ ആവശ്യമുയർന്നത് ശരിവെച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി മുൻ അംഗം പിരപ്പൻകോട് മുരളിയും രംഗത്തെത്തിയിരുന്നു. വിഭാഗീയതക്ക് നേതൃത്വം നൽകുന്ന വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന സമ്മേളന പ്രതിനിധിയായ യുവാവിന്‍റെ പ്രസംഗംകേട്ട് വേദിയിലെ നേതാക്കൾ ചിരിച്ചു. ആ യുവാവാകട്ടെ പെട്ടെന്നുതന്നെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തിയെന്നും അന്നത്തെ സമ്മേളന പ്രതിനിധിയും മുൻ എം.എൽ.എയുമായ മുരളി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.
എന്നാൽ, പിരപ്പൻകോട് മുരളിയുടെ വാക്കുകൾ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ രംഗത്തെത്തി. മുരളി ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും പാർട്ടി അംഗത്വത്തിൽനിന്ന് പുറത്തുപോയി പുസ്തകമെഴുതുമ്പോൾ അതിന്റെ പ്രചാരണത്തിനായി പലതും പറയുമെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

