സത്യൻ കൊലക്കേസ്: പാർട്ടി ആലോചിച്ച് നടപ്പാക്കിയതെന്ന് വെളിപ്പെടുത്തൽ
text_fieldsകായംകുളം: ഐ.എൻ.ടി.യു.സി നേതാവിന്റെ കൊലപാതകം പാർട്ടി ആലോചിച്ച് നടപ്പാക്കിയതെന്ന് ജില്ല പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തൽ. ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം ഏരിയ സെന്റർ അംഗവുമായിരുന്ന അഡ്വ. ബിബിൻ സി. ബാബു പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിലാണ് പാർട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വെളിപ്പെടുത്തൽ വിവാദമായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
2001ലാണ് കരീലക്കുളങ്ങരയിൽ വെച്ച് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ആറാം പ്രതിയായിരുന്ന ബിബിൻ സി. ബാബു അടക്കമുള്ളവരെ 2006ൽ കോടതി വെറുതെവിട്ടിരുന്നു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് പാർട്ടിക്കുള്ളിൽ നടപടിക്ക് വിധേയനായ ബിബിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് വെളിപ്പെടുത്തലിന് കാരണമായത്.
നിരപരാധിയായ തന്നെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരിൽ 65 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു. കരുവാറ്റംകുഴി ചാപ്രയിൽ അജികുമാർ, സഹോദരൻ അനിൽകുമാർ, പത്തിയൂർ ഇരവ് പടിഞ്ഞാറ്റംമുറി പ്രദീപ്, ചാപ്രയിൽ കിഴക്കതിൽ പ്രമോദ്, കോട്ടൂർ തെക്കേത്തറയിൽ സുരേഷ്, കള്ളിക്കാട്ടുമുറി വഞ്ചിപ്പുരക്കൽ ബിജു എന്നിവരായിരുന്നു മറ്റ് പ്രതികൾ.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജി. സുധാകരനെതിരെ കോൺഗ്രസിലെ എം.എം. ഹസൻ അട്ടിമറിവിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സത്യന്റെ പ്രവർത്തനം തിരിച്ചടിയായെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ടായിരുന്നു. ഇതിനുപിന്നാലെ കരീലക്കുളങ്ങരയിൽനിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി സത്യനെ കൊട്ടക്കാട് ക്ഷേത്രത്തിന് സമീപം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. 22 ദിവസത്തെ ചികിത്സക്കുശേഷമായിരുന്നു മരണം.
കേസിൽ ഉൾപ്പെട്ട പലരെയും ഒഴിവാക്കി പകരം പ്രതികളെ നൽകുകയായിരുന്നുവെന്ന ആക്ഷേപമാണ് ബിബിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. നിരപരാധിയായിരുന്ന താൻ 19ാം വയസ്സിൽ പാർട്ടിക്കുവേണ്ടി പ്രതിയാക്കപ്പെടുകയായിരുന്നു. ഗൂഢാലോചനയിൽ പല നേതാക്കൾക്കും പങ്കുണ്ടെന്നും ബിബിൻ സി. ബാബു വെളിപ്പെടുത്തുന്നു.
എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, ഡിവൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പാർട്ടി ഏരിയ സെന്റർ അംഗം എന്നീ നിലകളിൽ സജീവമായിരുന്ന ബിബിൻ നിലവിൽ ജില്ല പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ പ്രതിനിധിയാണ്. ഈ സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏരിയയിൽനിന്നുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗമാണ് തന്നെ പാർട്ടിയിൽ ഒതുക്കുന്നതെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയിൽ ജില്ല പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തൽ വിവാദ ചർച്ചയായി മാറുന്നത് പാർട്ടി നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. ഏരിയ കമ്മിറ്റി അംഗമായ ബിബിന്റെ മാതാവ് കെ.എൽ. പ്രസന്നകുമാരിയും പാർട്ടി ബന്ധം ഒഴിവാക്കുകയാണെന്ന് കാട്ടി സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

