സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും സമീപിച്ചു; പാർട്ടി വിടില്ല -സി.സി. മുകുന്ദൻ
text_fieldsസി.സി. മുകുന്ദൻ
തൃശൂർ: സി.പി.എം, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികൾ സമീപിച്ചിട്ടുണ്ടെങ്കിലും സി.പി.ഐ വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് സി.സി. മുകുന്ദൻ എം.എൽ.എ. ചെറുപ്പം മുതൽ പ്രവർത്തിക്കുന്ന പാർട്ടിയാണിത്. മരണംവരെ പാർട്ടിക്കൊപ്പമായിരിക്കും. അതേസമയം, തെറ്റായ പ്രവണതകൾ ചോദ്യംചെയ്യുന്നത് തുടരുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. പദവിയൊന്നുമല്ല വിഷയം. പാർട്ടി ആവശ്യപ്പെട്ടാൽ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ തയാറാണ്. ക്രമക്കേട് കാണിച്ച മുൻ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണം.
വീട് ജപ്തിഭീഷണിയിലാണ്. 18.75 ലക്ഷം രൂപയാണ് കടമുള്ളത്. ഇത് വീട്ടാൻ രണ്ടോ മൂന്നോ മാസത്തിനകം കാർ വിൽക്കും. ബസിലോ ബൈക്കിലോ പോകുന്നതിന് ഒരു പ്രയാസവുമില്ല. ഒരു രൂപപോലും ആരിൽനിന്നും സ്വന്തമാക്കിയിട്ടില്ല.
തനിക്കായി നൽകിയ പണംപോലും പാർട്ടി ഫണ്ടിലേക്കാണ് കൈമാറിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വീടിന്റെ ബാധ്യതയല്ലാതെ തനിക്ക് ആരോടും ഒരു ബാധ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നാട്ടികയിൽ വികസനം നടത്തിയിട്ടില്ലെന്നാണ് കുറ്റപ്പെടുത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചികിത്സസഹായം ലഭിച്ച മണ്ഡലമാണ് നാട്ടിക. 6000ത്തിലധികം കുടുംബങ്ങൾക്കായി 12 കോടിയുടെ ചികിത്സസഹായമാണ് ലഭ്യമാക്കിയത്.
വികസനമില്ല എന്ന് പറഞ്ഞ് കോൺഗ്രസും ബി.ജെ.പിയുംപോലും സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

